ന്യൂഡൽഹി : 2024 ൽ രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലേറുമെന്ന് കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റുകൾ തൂത്തുവാരും. ബിജെപിയെ രാജ്യത്ത് നിന്നും തുടച്ചുനീക്കുമെന്നും ഹരീഷ് റാവത്ത് അവകാശപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് റാവത്ത് കളംമാറ്റി ചവിട്ടുന്നത്.
തെരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടി നേതാക്കൾ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് ഹരീഷ് റാവത്ത് പറഞ്ഞിരുന്നു. താൻ പിന്തുടരേണ്ടവർ തന്നെ തന്റെ കൈകൾ ബന്ധിച്ചിരിക്കുകയാണ് . നാം സഞ്ചരിക്കേണ്ട സമുദ്രത്തിൽ അധികാരികൾ മുതലകളെ തുറന്നുവിട്ടുവെന്നും ഹരീഷ് റാവത്ത് ട്വിറ്ററിൽ കുറിച്ചിരുന്നു. പാർട്ടി നേതൃത്വത്തിന്റെ അവഗണനയെ പരസ്യമാക്കിക്കൊണ്ടുള്ളതായിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ പുകഴ്‌ത്തിക്കൊണ്ട് റാവത്ത് രംഗത്തെത്തിയത്.
2022 ൽ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആശ്വാസ വിജയം പോലും നേടാനാകില്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷണം. പഞ്ചാബ് കോൺഗ്രസിൽ തമ്മിലടി നിലനിൽക്കുകയും അമരീന്ദർ സിംഗ് ബിജെപിയുമായി സഖ്യത്തിലേർപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തും കോൺഗ്രസിന്റെ നിലനിൽപ്പും പ്രതിസന്ധിയിലാണ്. ബിജെപിക്കെതിരെ മികച്ച പ്രതിപക്ഷ സഖ്യം ഉണ്ടാക്കാൻ പോലും കോൺഗ്രസിന് കഴിയാത്ത സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുമെന്ന് റാവത്ത് വീരവാദം മുഴക്കുന്നത്.
‘ബിജെപിയെ മുഴുവനായും തകർക്കണമെങ്കിൽ ഓരോ സംസ്ഥാനങ്ങളിൽ നിന്നും പാർട്ടിയെ ഇല്ലാതാക്കേണ്ടത് അനിവാര്യമാണ്. 2024 ആകുമ്പോഴേക്കും കോൺഗ്രസ് എല്ലാ ബിജെപി ഭരണ സംസ്ഥാനങ്ങളും പിടിച്ചെടുക്കും. ഉത്തരാഖണ്ഡിൽ കോൺഗ്രസ് ഭരണത്തിലേറും.’ ഉത്തരാഖണ്ഡിൽ ബിജെപിയെ പരാജയപ്പെടുത്തിയാൽ ഗുജറാത്തിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും അത് സാധിക്കുമെന്നും ഹരീഷ് റാവത്ത് അവകാശപ്പെടുന്നു.
Post Your Comments