ദില്ലി: ആഗോളതലത്തില്‍ സെമി കണ്ടക്ടറുകളുടെ (ചിപ്പ്) ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് ചിപ്പ് നിര്‍മ്മാണത്തിന് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍. വാഹന നിര്‍മ്മാണ കമ്പനികള്‍ ഉള്‍പ്പെടെ പല മേഖലകളും കടുത്ത പ്രതിസന്ധി നേരിടുന്ന സഹാഹചര്യത്തിലാണ് സർക്കാർ പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്. ഇതിന്റെ ഫലമായി അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു ഡസൻ അർദ്ധചാലക നിർമ്മാതാക്കളെങ്കിലും ഇന്ത്യയില്‍ പ്രാദേശിക ഫാക്ടറികൾ സ്ഥാപിക്കാൻ തുടങ്ങുമെന്ന് കേന്ദ്ര വിവര സാങ്കേതിക മന്ത്രി പറഞ്ഞതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സർക്കാർ ചിപ്പ് നിർമ്മാണ വ്യവസായത്തിനായി ഒരു സമ്പൂർണ പദ്ധതി വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും 2022 ജനുവരി 1 മുതൽ പ്രോത്സാഹന പദ്ധതികൾക്ക് കീഴിൽ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്‍ണവ് ഒരു അഭിമുഖത്തിൽ പറഞ്ഞതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാരിന്‍റെ പദ്ധതിയോടുള്ള പ്രതികരണം വളരെ മികച്ചതാണെന്നും എല്ലാ വമ്പൻ കമ്പനികളും ഇന്ത്യൻ പങ്കാളികളുമായി ചർച്ചകൾ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. പലരും ഇവിടെ തങ്ങളുടെ യൂണിറ്റുകൾ സ്ഥാപിക്കാൻ നേരിട്ട് വരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക ചിപ്പ് ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ആറ് വർഷത്തിനിടെ 76,000 കോടി രൂപ വിനിയോഗിക്കാൻ കഴിഞ്ഞയാഴ്ച കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നു.
Read Also:- പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ..!
പല മേഖലയിലും ഉപയോഗിക്കുന്ന ചിപ്പുകളുടെ വിലകൂടിയ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ രാജ്യത്തെ സഹായിക്കും. ആഗോള ക്ഷാമത്തിനിടയിൽ മൊബൈൽ ഫോണുകൾ മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെ പ്രതിസന്ധിയിലാണ്.
Post Your Comments