ഡല്‍ഹി: വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും, പുരുഷനും ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരം കൊണ്ടുവന്ന ഭാരതീയ ശിക്ഷാ നിയമത്തില്‍ ഉണ്ടാകണമെന്ന ശുപാര്‍ശ ആണ് പാര്‍ലമെന്ററി സമിതി കേന്ദ്രത്തിന് കൈമാറിയിരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയുടേതാണ് ശുപാര്‍ശ. ലിംഗ സമത്വം ഉറപ്പാക്കി 497 ാം വകുപ്പ് ഭാരതീയ ശിക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കിയിരുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497 ാം വകുപ്പ് നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വിവാഹിതയായ സ്ത്രയും മറ്റൊരു പുരുഷനും തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടായാല്‍ പുരുഷനെ ശിക്ഷിക്കാന്‍ മാത്രമേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പില്‍ വ്യവസ്ഥ ഉണ്ടായിരുന്നുള്ളു.
അതേസമയം, ലിംഗ സമത്വം ഉറപ്പാക്കുകയാണെങ്കിലും വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്നതിനെ മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം എതിര്‍ത്തു. സുപ്രീംകോടതി വിധി മറികടക്കുന്ന വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് ചിദംബരം ആവശ്യപ്പെട്ടു. എന്നാൽ, വിവാഹം പരിശുദ്ധമാണെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നുമാണ് സമിതിയിലെ ഭൂരിപക്ഷ അംഗങ്ങളും നിലപാട് സ്വീകരിച്ചു.
Post Your Comments