മുംബൈ: വിവാഹപ്രായം ഉയർത്തുന്നതിനെതിരെയുള്ള വിവാദങ്ങൾക്കിടയിൽ രാജ്യത്ത് വീണ്ടും ശൈശവ വിവാഹം. പതിനഞ്ചുകാരിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുംബൈ സ്വദേശിയായ 27 കാരനാണ് അറസ്റ്റിലായത്. ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കൂടാതെ പെണ്‍കുട്ടിയുടെ അമ്മ, പ്രതിയുടെ മാതാപിതാക്കള്‍, വിവാഹം നടത്തിയ മതപണ്ഡിതന്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. മുംബൈയിലെ ജെജെ ആശുപത്രിയില്‍ വെള്ളിയാഴ്‌ച്ചയാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹം. പ്രസവത്തിനായി ആശുപത്രിയിലെത്തിച്ചപ്പോല്‍ സംശയം തോന്നി പെണ്‍കുട്ടിയുടെ പ്രായം ആശുപത്രി അധികൃതര്‍ ചോദിച്ചിരുന്നു. ഇരുപത് വയസ്സ് എന്നായിരുന്നു ഭര്‍ത്താവും മാതാപിതാക്കളും പറഞ്ഞത്. തുടർന്ന്
പെണ്‍കുട്ടിയുടെ ആധാര്‍കാര്‍ഡ് ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍മാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
ആധാര്‍ കാര്‍ഡില്‍ ജനിച്ച വര്‍ഷം 2006 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെയാണ് യഥാര്‍ത്ഥ പ്രായം പുറത്തായത്. ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശൈശവ വിവാഹമാണ് നടന്നത് എന്ന് വ്യക്തമായി. ഗര്‍ഭിണിയായതിനു ശേഷം ചെക്കപ്പിനായി ആശുപത്രിയില്‍ നിരവധി തവണ സന്ദര്‍ശിച്ചിരുന്നെങ്കിലും വയസ്സ് കൂട്ടിയായിരുന്നു ഇവര്‍ പറഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു
സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലാണ് പെണ്‍കുട്ടിയുടെ കുടുംബം. ഇതേതുടര്‍ന്ന് പെണ്‍കുട്ടി പഠനം നേരത്തെ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് യുവാവുമായുള്ള വിവാഹം കുട്ടിയുടെ മാതാവ് നടത്തുന്നത്. പെണ്‍കുട്ടിയുടെ മാതാവും യുവാവിന്റെ മാതാപിതാക്കളും മതപണ്ഡിതനുമാണ് വിവാഹത്തിനുണ്ടായിരുന്നത്.
Post Your Comments