തിരുവനന്തപുരം: തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നത് സംബന്ധിച്ച യോഗത്തില്‍ കരാര്‍ കമ്പനി ഉദ്യോഗസ്ഥനോട് ക്ഷോഭിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന ശംഖുമുഖം വിമാനത്താവളം റോഡ് നന്നാക്കുന്നത് സംബന്ധിച്ച ചര്‍ച്ചയിലാണ് മന്ത്രിയുടെ അപ്രതീക്ഷിത പ്രതികരണം. കഴിഞ്ഞ ഏഴുമാസത്തോളമായി തകര്‍ന്നുകിടക്കുകയാണ് ഈ റോഡ്. റോഡ് നിര്‍മാണം ഏറ്റെടുത്ത കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പൊതുമരാമത്ത് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതിരുന്നതാണ് പി എ മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചത്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് കഴിഞ്ഞ 221 ദിവസമായി അടച്ചിട്ട നിലയിലാണ്. വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രികള്‍ ബാഗുകളും ട്രോളികളും വലിച്ച് ഇതിലെ കൂടി പോകേണ്ട ഗതികേടും നേരിടുന്ന സാഹചര്യത്തിലാണ് മന്ത്രി ഉന്നതതലയോഗം വിളിച്ചുചേര്‍ത്തത്. സാങ്കേതിക കാരണങ്ങളാലാണ് അറ്റകുറ്റപ്പണി വൈകുന്നതെന്നായിരുന്നു കമ്പനിക്ക് വേണ്ടി യോഗത്തില്‍ പങ്കെടുത്ത ജൂനിയര്‍ ഉദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചത്. നിര്‍മ്മാണത്തിനായുള്ള മണ്ണ് ആരെത്തിക്കുമെന്ന തര്‍ക്കമായിരുന്നു സാങ്കേതിക കാരണം. കരാറുകാര്‍ തന്നെ മണ്ണ് എത്തിക്കണമെന്ന് പൊതുമരാമത്ത് ഇദ്യോഗസ്ഥര്‍ വിശദമാക്കി.
Read Also: ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പു വരുത്തിയാൽ മാത്രമേ ജനാധിപത്യം പൂർണമാകൂ: സ്പീക്കർ എം.ബി രാജേഷ്
ഇതിന് പിന്നാലെയായിരുന്നു മന്ത്രി പൊട്ടിത്തെറിച്ചത്. അറ്റകുറ്റപ്പണി തീരാത്തതും പ്രധാനപ്പെട്ട യോഗത്തെ ആ പ്രാധാന്യത്തോടെ കാണാത്തതിനും മന്ത്രി കരാര്‍ കമ്പനി ഉദ്യോഗസ്ഥന് നേരെ പൊട്ടിത്തെറിച്ചു. ഒരുപാട് നല്ല പ്രവര്‍ത്തികള്‍ ചെയ്തിട്ടുള്ള കമ്പനി അതുകൊണ്ട് എല്ലാമായി എന്നുള്ള ധാരണ പുലര്‍ത്തരുതെന്നും മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വിളിക്കുന്ന യോഗത്തിലേ നിങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തുകയുള്ളോയെന്നും മന്ത്രി ചോദിച്ചു. വീഴ്ച ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാവുമെന്ന് മന്ത്രി വിശദമാക്കിയതോടെ അറ്റകുറ്റപ്പണിയിലെ സാങ്കേതിക തടസം നീങ്ങി. ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാക്കുമെന്ന വിശദമായ റിപ്പോര്‍ട്ട് കമ്പനി മന്ത്രിക്ക് നല്‍കി.
Post Your Comments