കോഴിക്കോട്: ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ കൂടുതല്‍ പരാതികള്‍. മെല്ലോ ഫൗണ്ടേഷന്‍ നിര്‍മാണക്കമ്പനിക്കും മാനേജിങ് ഡയറക്ടര്‍ ആര്‍. മുരളീധരനുമെതിരെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്. 46 ലക്ഷം രൂപ നല്‍കിയിട്ടും ഫ്‌ളാറ്റ് കൈമാറാതെ വഞ്ചിച്ചതിന് മുരളീധരന്‍ അടക്കം ഏഴ് പേര്‍ക്കെതിരെ വെള്ളയില്‍ പൊലീസ് കേസെടുത്തിരുന്നു. ഈസ്റ്റ്ഹില്‍ സ്വദേശിയായ ആര്‍. മുരളീധരന്‍ തടമ്പാട്ടുതാഴത്തിന് സമീപം നിര്‍മിച്ച ‘സ്‌കൈവാച്ച്’ ഫ്‌ളാറ്റ് സമുച്ചയത്തിനായി 50 ലക്ഷം രൂപ വരെ ഓരോരുത്തരില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്. 44 ഫ്‌ലാറ്റുകളാണ് ഈ സമുച്ചയത്തിലുള്ളത്.
കക്കോടി സ്വദേശി പ്രജീഷ് ചേവായൂര്‍ സ്‌റ്റേഷനിലും കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ ഡോ. എന്‍.സി. ചെറിയാന്‍ വെള്ളയില്‍ സ്‌റ്റേഷനിലും മുരളീധരനെതിരെ പരാതി നല്‍കി. കേസെടുക്കാനുള്ള നടപടികള്‍ തുടങ്ങുമെന്നാണ് പരാതിക്കാരുടെ പ്രതീക്ഷ. പണി തീര്‍ന്നിട്ടും പണം വാങ്ങിയ ഒരു ഫ്‌ളാറ്റ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആധാരവും മറ്റു രേഖകളും മുരളീധരന്‍ തിരിച്ചു തന്നില്ലെന്നാരോപിച്ച്, ഫ്‌ലാറ്റ് നിലനില്‍ക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള വസീമും ചേവായൂര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കി. തട്ടിപ്പിനിരയായവര്‍ സംഘടിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. കള്ളപ്പണമായതിനാല്‍ ചിലര്‍ പരാതി നല്‍കില്ലെന്ന് മുരളീധരന്‍ തന്നെ അവകാശപ്പെട്ടിരുന്നു. പലതരത്തില്‍ ബ്ലാക്ക്‌മെയിലിങ്ങും നടത്തിയതായി സൂചനയുണ്ട്.
Post Your Comments