ന്യൂഡൽഹി: കഫ്‌സിറപ്പ് കഴിച്ചതിനെ തുടർന്ന് ഡൽഹിയില്‍ മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഡൽഹിയിലെ മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടി. തിങ്കളാഴ്ചയായിരുന്നു സര്‍ക്കാര്‍ നടപടിയെടുത്തത്. ദല്‍ഹിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് സര്‍ക്കാരിന് കീഴിലുള്ള ആം ആദ്മി മൊഹല്ല ക്ലിനിക്കുകള്‍. ഡെക്‌സ്‌ട്രോമെതോര്‍ഫന്‍ (Dextromethorphan-DXM) എന്ന മരുന്നായിരുന്നു കുട്ടികള്‍ കഴിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ അറിയിച്ചു. ‘നിര്‍ഭാഗ്യകരമായ മരണങ്ങളായിരുന്നു അത്. സംഭവത്തിന് പിന്നിലെ കാരണങ്ങളറിയാന്‍ വിശദമായ അന്വേഷണം തന്നെ നടത്തും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ദല്‍ഹി മെഡിക്കല്‍ കൗണ്‍സിലിനും കത്തയച്ചിട്ടുണ്ട്. സി.ഡി.എം.ഒ ഡോ. ഗീതയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനും രൂപീകരിച്ചിട്ടുണ്ട്’- മന്ത്രി പറഞ്ഞു.
ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ക്ലിനിക്കില്‍ നിന്നും ലഭിച്ച നിര്‍ദേശപ്രകാരം കുട്ടികള്‍ കഫ്‌സിറപ്പ് കഴിച്ചത്. മരിച്ചതില്‍ മൂന്ന് വയസുകാരനുമുണ്ടായിരുന്നു. കഫ്‌സിറപ്പ് കഴിച്ച ശേഷം അസുഖബാധിതരായ കുട്ടികളെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള കലാവതി ശരണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ 13ന് ഒരു കുട്ടിയും പിന്നീട് അതേ മാസം തന്നെ മറ്റ് രണ്ട് കുട്ടികളും മരിക്കുകയായിരുന്നു.
Post Your Comments