ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചു. സിസോദിയ ഒന്നാം പ്രതിയായ മദ്യനയ കേസിലായിരുന്നു ചോദ്യം ചെയ്തത്. രാവിലെ പതിനൊന്നരയ്ക്ക് ഡല്‍ഹി സിബിഐ ആസ്ഥാനത്ത് ഹാജരായ സിസോദിയ രാത്രി ഒമ്പത് മണിയോടെയാണ് മടങ്ങിയത്. പ്രവർത്തകർക്കൊപ്പം രാജ്ഘട്ടിൽ പ്രാർത്ഥിച്ചു റാലി ആയാണ് സിസോദിയ ചോദ്യം ചെയ്യലിന് എത്തിയത്.
ചോദ്യം ചെയ്യലിനിടെ തന്നോട് ആം ആദ്മി പാർട്ടി വിടാൻ സി.ബി.ഐ ആവശ്യപ്പെട്ടതായി സിസോദിയ പറഞ്ഞു. പാര്‍ട്ടി വിട്ടില്ലെങ്കില്‍ ഇനിയും ഇത്തരം കേസുകൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. സത്യേന്ദർ ജെയിനിന്‍റെ അവസ്ഥ അറിയാമല്ലോ എന്ന് ചോദിച്ചതായും സിസോദിയ പറഞ്ഞു.
തന്നെ അറസ്റ്റ് ചെയ്യാനാണ് സിബിഐയുടെ നീക്കമെന്ന് സിസോദിയ പറഞ്ഞു. മദ്യ നയ കേസിൽ ഒരു അഴിമതിയും കണ്ടെത്താൻ സിബിഐക്ക് സാധിച്ചിട്ടില്ല. ഒമ്പത് മണിക്കൂർ നീണ്ട സിബിഐയുടെ ചോദ്യം ചെയ്യലിൽ തനിക്കത് വ്യക്തമായിയെന്നും ഡല്‍ഹിയിൽ ഓപ്പറേഷൻ താമര നടപ്പാക്കാനാണ് ശ്രമമെന്നും മനീഷ് സിസോദിയ പറഞ്ഞു.
ആം ആദ്മി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷം റാലിയായി രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയാണ് മനീഷ് സിസോദിയ സിബിഐ ആസ്ഥാനത്ത് എത്തിയത്. 11.30 ന് ചോദ്യംചെയ്യൽ ആരംഭിച്ചു. സിബിഐയുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ഇനിയും ചോദ്യം ചെയ്യാൻ ഹാജറകണോ എന്ന കാര്യം സിബിഐ പിന്നീട് അറിയിക്കും.
Post Your Comments