Latest NewsKeralaNews

പ്രണയപ്പക: യുവതിയെ തീകൊളുത്തി കൊന്ന യുവാവും മരിച്ചു

തീകൊളുത്തുന്നതിന് മുമ്പ് പ്രതി തന്നെ കുത്തിപരിക്കേല്‍പ്പിച്ചതായി മരണത്തിന് മുന്‍പ് യുവതി മൊഴി നല്‍കി.

കോഴിക്കോട്: യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരണത്തിന് കീഴടങ്ങി. നന്ദകുമാര്‍ (31) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ചായിരുന്നു നന്ദകുമാര്‍ പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയ (22)യെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു നന്ദകുമാര്‍.

90 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. പിന്നാലെയാണ് നന്ദകുമാറിന്റെയും മരണം. തിക്കോടി പള്ളിത്താഴം സ്വദേശിയും കൃഷ്ണപ്രിയയുടെ അയല്‍വാസിയുമാണ് നന്ദകുമാര്‍.രാവിലെ 10.15 യോടെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വെച്ചായിരുന്നു സംഭവം. ഓഫീസ് പരിസരത്ത് കാത്ത് നില്‍ക്കുകയായിരുന്ന യുവാവ് യുവതിയുടെ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഇതിനുപിന്നാലെ സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ച് യുവാവ് തീകൊളുത്തി.

Read Also: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ: കരട് ബില്‍ പാസാക്കനൊരുങ്ങി മന്ത്രിസഭ

യുവതിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഗുരുതര പൊള്ളലേറ്റ ഇരുവരെയും കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ യുവതി ചികിത്സയിലിരിക്കെ അഞ്ചുമണിയോടെ മരണപ്പെടുകയായിരുന്നു. അതേസമയം, തീകൊളുത്തുന്നതിന് മുമ്പ് പ്രതി തന്നെ കുത്തിപരിക്കേല്‍പ്പിച്ചതായി മരണത്തിന് മുന്‍പ് യുവതി മൊഴി നല്‍കി. ആശുപത്രി അധികൃതരോടാണ് യുവതി ഇക്കാര്യം പറഞ്ഞത്.

സംഭവത്തില്‍ പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ പ്രകോപനം എന്താണെന്ന് വ്യക്തമല്ലെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ പ്രണയ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പെണ്‍കുട്ടിയെ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ഫോണ്‍ യുവാവിന്റെ കസ്റ്റഡിയിലായിരുന്നുവെന്നാണ് സൂചന. മൂന്ന് ദിവസം മുന്‍പാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button