കൊച്ചി: മലപ്പുറത്തും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമാനില്‍ നിന്നെത്തിയ മുപ്പത്തിയാറുകാരനായ മംഗളൂരു സ്വദേശിക്കാണ് രോഗം. ആരോഗ്യപ്രശ്നങ്ങളില്ല. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. ഈ മാസം 14 ന് കരിപ്പൂർ വിമാനത്താവളത്തിൽ ഒമാനിൽ നിന്ന് എത്തിയതായിരുന്നു ഇയാൾ.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ടാൻസാനിയയിൽ ഇദ്ദേഹം പോയിരുന്നുവെന്നാണ് വിവരം. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്. എന്നാൽ കാര്യമായ സമ്പർക്ക പട്ടിക ഇല്ലെന്നാണ് വിവരം.
ഇതോടെ സംസ്ഥാനത്ത് എട്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ സ്ഥിരീകരിച്ച ഏഴ് പേരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധന ഫലങ്ങളും ഇന്ന് പുറത്ത് വന്നേക്കും. സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ഇവർ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങൾ സന്ദർശിക്കുകയോ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളിൽ സംബന്ധിക്കാനോ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
Post Your Comments