തൃശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ ലേലത്തില്‍ തര്‍ക്കം നിയമനടപടികളിലേക്ക് നീങ്ങുന്നതായി വിവരം. ലേലത്തില്‍ വാഹനം സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞതിനെ തുടർന്ന് വാഹനം ലഭിക്കുന്നതിനായി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അമൽ മുഹമ്മദിന്റെ പ്രതിനിധി സുഭാഷ് പ്രതികരിച്ചു.
അമൽ മുഹമ്മദിന് സര്‍പ്രൈസ് സമ്മാനം നല്‍കാനാണ് ഗുരുവായൂരപ്പന് കാണിക്കയായി സമര്‍പ്പിച്ച ഥാര്‍ പിതാവ് ലേലത്തില്‍ പിടിച്ചത്. എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദിന്റെ പേരിൽ സുഹൃത്താണ് ഥാറിന്റെ ലേലം ഉറപ്പിച്ചത്. എന്തുവില കൊടുത്തും ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ സ്വന്തമാക്കണമെന്നായിരുന്നു നിര്‍ദേശമെന്നും ലേലം ഉറപ്പിച്ച ശേഷം വാക്ക് മാറ്റുന്നത് ശരിയല്ലെന്നും സുഭാഷ് വ്യക്തമാക്കി.
21 ലക്ഷം വരെയോ അതിന് മുകളിലോ ലേലത്തുക ഉറപ്പിക്കാമെന്നായിരുന്നു നിര്‍ദേശമെന്നും സുഭാഷ് പറഞ്ഞു. എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ് ബഹ്റൈനിലാണ്. 15,10,000 രൂപയ്ക്കാണ് അമല്‍ ഥാര്‍ ലേലത്തില്‍ സ്വന്തമാക്കിയത്. അതേസമയം, വാഹനത്തിന് 25 ലക്ഷം വരെ ലഭിക്കാന്‍ സാധ്യതയുണ്ടായിട്ടും 15 ലക്ഷത്തിന് ലേലമുറപ്പിച്ചത് ചര്‍ച്ചയാകുമെന്നും ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം വേണ്ടി വന്നേക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ വ്യക്തമാക്കുകയായിരുന്നു. ഭരണസമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേർത്തു.
Post Your Comments