KeralaMollywoodLatest NewsArticleNewsEntertainmentWriters' Corner

ചലച്ചിത്ര നിരൂപകരുടെ യോഗ്യത എന്ത് ? മോഹൻലാലിന്റെ വാക്കുകൾ ചർച്ചയാകുമ്പോൾ

കാലാനുസൃതമായി നിരൂപണ രീതികളും നിരൂപണ മാധ്യമങ്ങളും മാറേണ്ടതുണ്ട്

‘സിനിമ കാണാത്ത ഒരുപാട് പേര്‍ മരക്കാറിനെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞിരുന്നു. അതിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. സിനിമയെ കുറിച്ച് ഒരു നിരൂപണം നടത്താന്‍ അര്‍ഹതയില്ലാത്തവരാണ് അത്തരം കാര്യങ്ങള്‍ പറഞ്ഞത്. ഞങ്ങളൊക്കെ പത്ത് നാല്‍പ്പത് വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്ന ആളുകളാണ്. ഒരു സിനിമയുടെ എഡിറ്റിനിങ്ങിനെ കുറിച്ചും ക്യാമറ മ്യൂസിക്ക് എന്നിവയെ കുറിച്ച് അര്‍ഹതയുള്ളവര്‍ പറഞ്ഞാല്‍ നമുക്ക് അത് സമ്മതിക്കാം. പക്ഷെ അങ്ങനെയല്ലാത്ത ഒരുപാട് പേര്‍ ഈ സിനിമയെ കുറിച്ച് കമന്റുകള്‍ പറഞ്ഞു. പക്ഷെ സിനിമ കണ്ടവര്‍ക്കാര്‍ക്കും അത്തരം അഭിപ്രായങ്ങളോട് യോജിക്കാന്‍ കഴിയില്ല’- മരയ്ക്കാറിൻ്റെ പ്രദർശനത്തെ തുടർന്ന് മോഹൻലാൽ നടത്തിയ അഭിമുഖത്തിലെ പ്രസക്തമായ കമൻ്റുകളിലൊന്നാണിത്.

read also: അറിഞ്ഞു കൊണ്ടു പെണ്മക്കളെ കുരുതി കൊടുക്കണോ? വിവാഹപ്രായപരിധി 18ൽ നിന്നും 21ലേക്കു മാറ്റിയ തീരുമാനത്തെക്കുറിച്ചു ഡോ. അനുജ

ചലച്ചിത്ര പ്രവർത്തകരും ചലച്ചിത്ര നിരൂപകരും തമ്മിൽ കാലാകാലങ്ങളായി നില നിന്നു പോരുന്ന വലിയൊരു തർക്കത്തിൻ്റെ തുടർച്ച ലാലിൻ്റെ വാക്കുകളിലുണ്ട്.. ചലച്ചിത്രകാരൻമാരെ സംബന്ധിച്ചിടത്തോളം ശത്രുസ്ഥാനത്താണ് ചലച്ചിത്ര നിരൂപകർ .കാശും സമയവും ചെലവഴിച്ച് വലിയ സംഘാടനത്തിൽ തയ്യാറാക്കുന്ന ചലച്ചിത്രത്തെക്കുറിച്ച് അതിൻ്റെ പിന്നിൽ അധ്വാനിച്ചവർക്കാണ് കൂടുതൽ പറയാൻ യോഗ്യത എന്ന പക്ഷമുണ്ട്. എന്നാൽ ഒരു സാംസ്കാരിക ഉൽപ്പന്നം എന്ന നിലയിൽ ,ചലച്ചിത്രത്തിൻ്റെ കാണികൾക്ക് ചിത്രത്തെ വിലയിരുത്തുവാനും അഭിപ്രായങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുവാനും നിരൂപണം നടത്തുവാനും ഉള്ള അവകാശമുണ്ട്.

ചലച്ചിത്ര പ്രവർത്തകൻ സിനിമയുടെ ഭാഗഭാക്കാകുമ്പോൾ നിരൂപകൻ അതിൻ്റെ വിശകലനത്തിൻ്റെ ഭാഗമാകുന്നു ….. ചലച്ചിത്രങ്ങൾക്കുള്ളിലെ കുറ്റങ്ങൾക്കും കുറവുകൾക്കുമൊപ്പം ചലച്ചിത്രങ്ങൾ ഒളിച്ചു കടത്തുന്ന നിഗൂഡ അജണ്ടകളെ വിമർശനാത്മകമായി ചൂണ്ടിക്കാണിക്കുകയെന്ന ധർമം ചലച്ചിത്ര നിരൂപകർ നിറവേറ്റുന്നു. അതുകൊണ്ടുതന്നെ ചലച്ചിത്ര നിരൂപകരുടെ അറിവ് ,സിനിമാ അനുഭവങ്ങൾ , നിരൂപണ പദ്ധതികൾ എന്നിവയെല്ലാം അംഗീകരിക്കപ്പെട്ടിരുന്നു.സംസ്ഥാന / ദേശീയ പുരസ്കാരങ്ങൾ നിരൂപകർ നേടുകയും ചലച്ചിത്ര നിരൂപണ സാഹിത്യ ഗ്രന്ഥങ്ങൾ വായനക്കാർക്കും പ്രസാധകർക്കും സ്വീകാര്യമാവുകയും ചെയ്തു.

നവമാധ്യമങ്ങളുടെ ആധിക്യ കാലത്ത് ചലച്ചിത്ര നിരൂപണം അതിൻ്റെ സാമ്പ്രദായിക വഴികളിൽ നിന്ന് ആർക്കും സ്വതന്ത്രമായി എന്തും എഴുതാനും പറയാനും സാഹചര്യങ്ങളായി. ഇത്തരം എഴുത്ത് / അഭിപ്രായ പ്രകടനങ്ങൾ ചലച്ചിത്രത്തിൻ്റെ ജയപരാജയങ്ങളെ സംബന്ധിച്ചുള്ള തീർപ്പുകൽപ്പിക്കലുകൾ ആകുന്നു എന്ന തലത്തിലാണ് ചലച്ചിത്ര പ്രവർത്തകർ ശത്രുതാ മനോഭാവത്തിൽ കാണുന്നത്. നിരൂപണത്തിൻ്റെ നിലവാരം ,യോഗ്യത ,ആധികാരികത ,പഠന സമ്പ്രദായങ്ങൾ എന്നിവയെല്ലാം തന്നെ നവ മാധ്യമ നിരൂപണത്തിൽ പ്രസക്തമല്ലാതായി മാറിക്കഴിഞ്ഞു

കാലാനുസൃതമായി നിരൂപണ രീതികളും നിരൂപണ മാധ്യമങ്ങളും മാറേണ്ടതുണ്ട് എന്ന യാഥാർത്യത്തെ അംഗീകരിക്കാതെ ഇനി മുൻപോട്ടു പോകാനാവില്ല. അതേ സമയം ഫാൻ ഫൈറ്റുകൾക്കും ഡീഗ്രേഡിങ്ങുകൾക്കും വ്യക്തി ഹത്യകൾക്കും മാത്രമായി ചലച്ചിത്ര വിശകലനങ്ങൾ മാറുന്നത് അങ്ങേയറ്റം മോശപ്പെട്ട കാര്യങ്ങളാണ്. ജനാധിപത്യപരമായ രീതിയിൽ ഉള്ള വിമർശനങ്ങൾക്ക് സാധ്യതകൾ എക്കാലവുമുണ്ട്. ഒരു സാംസ്കാരിക ഉൽപ്പന്നം എന്ന നിലയിൽ ചലച്ചിത്രം അതിൻ്റെ വ്യാപനത്തെ സംബന്ധിച്ചുള്ള രാഷ്ട്രീയ വിശകലനങ്ങൾ അർഹിക്കുന്നു.

രശ്മി അനിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button