ന്യൂഡൽഹി: കൊറോണ സഹായധന വിതരണത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഒരാഴ്‌ച്ചയ്‌ക്കകം എല്ലാവർക്കും നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിൽ കേരളം പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതി പറഞ്ഞു. 40,000 പേർ മരിച്ച കേരളത്തിൽ 548 പേർക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം നൽകിയത്.
അർഹരായ എല്ലവർക്കും ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ 50,000 രൂപയുടെ സഹായം അനുവദിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം വരെ 548 പേർക്ക് നഷ്ടപരിഹാരം വിതരണം ചെയ്തതായും സംസ്ഥാന സർക്കാർ അറിയിച്ചു. എന്നാൽ സർക്കാരിന്റെ ഈ വിശദീകരണത്തിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അർഹതപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. ഗുജറാത്ത് മാതൃകയിൽ നഷ്ടപരിഹാരം സംബന്ധിച്ച പരസ്യം മാദ്ധ്യമങ്ങളിലൂടെ നൽകാനും സുപ്രീം കോടതി നിർദ്ദേശിച്ചു.
40,855 കൊറോണ മരണങ്ങളാണ് കേരളത്തിൽ ഇതുവരെ ഒദ്യോഗികമായി റിപ്പോർട്ട് ചെയ്തതെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചു. എന്നാൽ 10,077 പേരുടെ ബന്ധുക്കൾ മാത്രമാണ് ഇതുവരെ നഷ്ട പരിഹാരത്തിനായി അപേക്ഷിച്ചത്. ഇതിൽ 1,948 പേരെയാണ് നഷ്ടപരിഹാരത്തിന് അർഹരായവരായി കണ്ടെത്തിയത്. അടുത്ത തവണ ഹർജി പരിഗണിക്കുന്നതിന് മുൻപ് നഷ്ടപരിഹാരം വിതരണം ചെയ്യാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.
രാജ്യത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് കേരളം. ഇതുസംബന്ധിച്ച് കേരളം സമർപ്പിച്ച സത്യവാങ്മൂലം അവ്യക്തമാണെന്ന് സോളിസിറ്റർ ജനറൽ ഐശ്വര ഭട്ടി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എംആർ ഷാ, ബിപി നഗരത്‌ന എന്നിരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Post Your Comments