Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ErnakulamLatest NewsKeralaNews

കിറ്റെക്സും രാഷ്ട്രീയവും: ട്വന്റി-20യെ തകര്‍ക്കാന്‍ സാബു എം ജേക്കബിനെ പിണക്കിയ കേരളം

ചെറിയ ചെറിയ ചുവടുവയ്പ്പുകള്‍ വലിയ മുന്നേറ്റങ്ങള്‍ക്കുള്ള ചവിട്ടുപടിയാണെന്ന് കരുതിയാല്‍ കിറ്റെക്‌സ് കമ്പനി ഉടമസ്ഥരുടെ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ തുടക്കമാണ് ട്വന്റി-20

സംസ്ഥാന സര്‍ക്കാരും കിറ്റെക്സ് മേധാവി സാബു എം ജേക്കബും തമ്മില്‍ തുറന്ന യുദ്ധം ആരംഭിക്കുന്നത് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാലു പഞ്ചായത്തുകള്‍ പിടിച്ചെടുത്ത് മികച്ച മുന്നേറ്റം കാഴ്ച വച്ച കിറ്റെക്സിന്റെ ട്വന്റി-20 എന്ന രാഷ്ട്രീയ കൂട്ടായ്മ ഭാവിയില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചുവട് വയ്ക്കുമെന്ന് പലരും പ്രവചിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് സര്‍ക്കാര്‍ സാബു എം ജേക്കബിനെ വേട്ടയാടാന്‍ ആരംഭിച്ചത്. കൂട്ടായ്മയില്‍ എണ്ണം കുറവാണെങ്കിലും നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന തിരിച്ചറിവാണ് സാബു എം ജേക്കബിനെതിരെ തിരിയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ചെറിയ ചെറിയ ചുവടുവയ്പ്പുകള്‍ വലിയ മുന്നേറ്റങ്ങള്‍ക്കുള്ള ചവിട്ടുപടിയാണെന്ന് കരുതിയാല്‍ കിറ്റെക്‌സ് കമ്പനി ഉടമസ്ഥരുടെ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ തുടക്കമാണ് ട്വന്റി-20 എന്ന് ഇടത് സര്‍ക്കാരും കേരളത്തിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോടകം മനസിലാക്കിയിട്ടുണ്ട്.

Read Also : കൊവിഡ് കാലം ദുരിതപൂര്‍ണമാക്കി: ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് നല്‍കാനൊരുങ്ങി കേരളം

അതേസമയം ഈ വര്‍ഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും ഒരിടത്തും ജയിക്കാനായില്ല. ഇതിന് പിന്നാലെ വ്യവസായം, തൊഴില്‍, പരിസ്ഥിതി, ഭക്ഷ്യം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ദിനംപ്രതി കിറ്റെക്‌സിന്റെ സ്ഥാപനങ്ങളില്‍ കയറിയിറങ്ങി. വെറും പരിശോധനയല്ല, ഒരു കൊള്ള സങ്കേതത്തിലോ, ഭീകര താവളത്തിലോ ഇരച്ചു കയറുന്നതുപോലെയാണ് ഉദ്യോഗസ്ഥരുടെ വരവും പെരുമാറ്റവുമെന്ന് സാബു എം ജേക്കബ് പറഞ്ഞിരുന്നു. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും പ്രഖ്യാപിക്കുമ്പോഴാണ് സാബു എം ജേക്കബിന് ഈ ദുര്‍ഗതി വന്നത്.

കിറ്റെക്സിന്റെ വസ്ത്ര നിര്‍മാണ യൂണിറ്റില്‍ നിന്ന് പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നുവെന്ന പരാതിയുമായി ആദ്യം രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസാണ്. എന്നാല്‍ ആരോപണങ്ങള്‍ തെളിയിച്ചാല്‍ പിടി തോമസിന് 50 കോടിരൂപ നല്‍കാമെന്ന് വെല്ലുവിളിച്ചുകൊണ്ടായിരുന്നു സാബു എം ജേക്കബ് അതിനെ നേരിട്ടത്. രേഖകളൊന്നും ഹാജരാക്കാത്തതിനെ തുടര്‍ന്ന് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.ടി. തോമസിന് സാബു എം ജേക്കബ് വക്കീല്‍ നോട്ടീസ് അയച്ചു.

Read Also : വടകര താലൂക്ക് ഓഫീസ് തീപിടിത്തം: സ്ഥലത്തെത്തിയ എംഎല്‍എയ്ക്ക് ദേഹാസ്വാസ്ഥ്യം, അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് എസ്.പി

ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ വേട്ടയാടലില്‍ മനംനൊന്ത് 3500 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് സാബു എം ജേക്കബ് പ്രഖ്യാപിച്ചത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. വേട്ടയാടല്‍ തുടര്‍ന്നാല്‍ കിഴക്കമ്പലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തന്റെ വ്യവസായ സ്ഥാപനങ്ങള്‍ കൂടി അടച്ചു പൂട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിലെ നിക്ഷേപം പിന്‍വലിക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളാണ് അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ട് രംഗത്തെത്തിയത്.

സാബു എം ജേക്കബിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സര്‍ക്കാരിന്റെ അനുരഞ്ജനമുണ്ടായി. ഇതുവരെ നടത്തിയ പരിശോധനകളില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഒരു പ്രതിപക്ഷ എം.പിയും എം.എല്‍.എയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാന്‍ എം.പിയും പി.ടി. തോമസ് എം.എല്‍.എയുമാണ് കിറ്റെക്സിനെതിരെ പരാതി നല്‍കിയതെന്ന് മന്ത്രി പരോക്ഷമായി പറഞ്ഞെങ്കിലും കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ നിന്നുള്ള സി.പി.എം എം.എല്‍.എയും മുന്‍ കോണ്‍ഗ്രസുകാരനുമായ പി.വി. ശ്രീനിജനാണ് ഇപ്പോഴത്തെ പരിശോധനകള്‍ക്കെല്ലാം പിന്നിലെന്ന കാര്യം മാത്രം മന്ത്രി പറഞ്ഞില്ല. വാസ്തവത്തില്‍ സി.പി.എമ്മിന്റെ അനുഗ്രഹാശിസുകളോടെ ശ്രീനിജന്‍ മുന്‍കയ്യെടുത്ത് നടത്തുന്നതാണ് ഈ കിറ്റെക്സ് വേട്ട എന്നാണ് വിവരം. 2012ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും കേരളം വിടുമെന്ന് സാബു എം ജേക്കബ് ഇതുപോലെ ഭീഷണി മുഴക്കിയിരുന്നു. പക്ഷെ അന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അദ്ദേഹത്തെ അനുനയിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പോയില്ല.

Read Also : ‘കടുവ ഇറങ്ങിയെന്ന് അറിയിച്ചിട്ടും ഒരുത്തനുംവന്നില്ല, ഞങ്ങളാണ് ഇറങ്ങിയത്’: നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം

2015ലാണ് രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ആദ്യമായി ട്വന്റി 20 മത്സര രംഗത്തിറങ്ങുന്നത്. ആ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തി കിഴക്കമ്പലത്ത് 19 ല്‍ 17 വാര്‍ഡിലും ട്വന്റി 20 ജയിച്ചിരുന്നു. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളില്‍ ട്വന്റി 20 മികച്ച മുന്നേറ്റമാണ് നടത്തിയത്. ഇതില്‍ ഐക്കരനാട് പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും അവര്‍ തൂത്തുവാരി. ട്വന്റി 20 തേരോട്ടത്തില്‍ ഏറ്റവുമധികം ക്ഷീണം സംഭവിച്ചത് കോണ്‍ഗ്രസിനാണ്. രണ്ട് പതിറ്റാണ്ടായി കോണ്‍ഗ്രസ് കുത്തകയായിരുന്ന കുന്നത്തുനാട്ടിലും ഒരു പതിറ്റാണ്ടായി കോണ്‍ഗ്രസ് ഭരിച്ചിരുന്ന മഴുവന്നൂരും പാര്‍ട്ടിക്ക് താരതമ്യേന നല്ല ശക്തിയുള്ള ഐക്കരനാടുമെല്ലാം ട്വന്റി 20 കൈയടക്കി.

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതി പ്രകാരമാണ് 20-20 ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. കിഴക്കമ്പലത്തിന്റെ വികസനം എന്ന മുദ്രാവാക്യവുമായി മുന്നിട്ടിറങ്ങിയ ഈ കൂട്ടായ്മയ്ക്ക് അന്ന് ഇടതുപക്ഷവും ബിജെപിയും പിന്തുണ നല്‍കിയിരുന്നു. കിറ്റക്‌സ് ഗ്രൂപ്പ് 2013ല്‍ രൂപം കൊടുത്ത ട്വന്റി 20 ചാരിറ്റബിള്‍ സൊസൈറ്റിയുടെ പൂര്‍ണ ചുമതല കമ്പനി ചെയര്‍മാന്‍ സാബു എം ജേക്കബിനാണ്. ജീവിതനിലവാരത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി പച്ചക്കറി-പലചരക്ക് സാധനങ്ങള്‍ മുതല്‍ ഗൃഹോപകരണ ഉത്പന്നങ്ങള്‍ വരെ പകുതി വിലയ്ക്ക് നല്‍കി. പാടങ്ങള്‍ സൗജന്യമായി ഉഴുതു. വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ സഹായിച്ചു. ലക്ഷംവീട് കോളനികളില്‍ ഉള്‍പ്പെടെ സൗജന്യ കുടിവെള്ള ടാപ്പുകള്‍ നല്‍കി. റോഡുകള്‍ സഞ്ചാരയോഗ്യമാക്കി.

Read Also : എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയുടെ മരണം: ആത്മഹത്യാക്കുറിപ്പില്‍ ഒന്ന് വ്യാജമെന്ന് സഹോദരന്‍

എന്നാല്‍ തങ്ങളുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള രാഷ്ട്രീയക്കാര്‍ എതിരു നില്‍ക്കുന്നുവെന്ന് മനസിലാക്കിയ ട്വന്റി-20 ഒടുവില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വികസന പ്രവര്‍ത്തനങ്ങളും പതിനായിരത്തിലേറെ പേര്‍ക്ക് തൊഴിലും പ്രതിവര്‍ഷം 600 കോടി രൂപയുടെ കയറ്റുമതിയും നടത്തുന്ന കിറ്റെക്സ് പോലൊരു സ്ഥാപനത്തെ പിണക്കാനോ ഉപദ്രവിക്കാനോ ഇന്ത്യയിലെ ഒരു സംസ്ഥാനവും തയാറാകാത്തപ്പോള്‍ കേരളത്തില്‍ അതുണ്ടായി. അതിന് രാഷ്ട്രീയം എന്നത് മാത്രമായിരുന്നു കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button