ലഖ്നൗ: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്നും 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്. ബോര്‍ഡ് അംഗമായ മൗലാന കല്‍ബെ ജവാദാണ് ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ച് രംഗത്ത് എത്തിയത്.
Read Also : 18 വയസുകാരി മുതിര്‍ന്ന പൗരയാണ്: അവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്ക് വേണമെന്ന് ബൃന്ദ കാരാട്ട്
‘ചെറുപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുന്നതിലൂടെ അവര്‍ വഴിതെറ്റിപോകാനുള്ള സാധ്യത കുറയുന്നു. ഇനി വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുകയാണെങ്കില്‍ അത് മാതാപിതാക്കളുടെ ആശങ്ക വര്‍ദ്ധിപ്പിക്കും. മൂന്ന് വര്‍ഷം കൂടി പെണ്‍കുട്ടികള്‍ക്ക് മേല്‍ ഇമ ചിമ്മാതെ നോക്കിയിരുന്ന് സംരക്ഷിക്കേണ്ട അവസ്ഥയാകും രക്ഷിതാക്കള്ക്കുണ്ടാകുക’ ,മൗലാന കല്‍ബെ ജവാദ് പറഞ്ഞു.
14 വയസില്‍ വിവാഹിതയായ തന്റെ പിതാവിന്റെ സഹോദരിയുടെ കാര്യവും മൗലാന ഉദാഹരിച്ചു. ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ചെന്ന് കരുതി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുകയില്ലെന്നും ഗര്‍ഭധാരണത്തിനും പ്രസവിക്കാനുമുള്ള കഴിവിന് ചെറിയ പ്രായം ഒരു തടസമല്ലെന്നും തന്റെ പിതൃസഹോദരി കാണിച്ച് തന്നതായും എഐഎംപിഎല്‍ബി നേതാവ് വ്യക്തമാക്കി. അവര്‍ 45 വയസിനുള്ളില്‍ 14 കുട്ടികളെ പ്രസവിച്ചുവെന്നും പൂര്‍ണ ആരോഗ്യവതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെണ്മക്കളോട് മാതാപിതാക്കള്‍ക്കുണ്ടാകുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും അത്രയൊന്നും ഒരു ജനപ്രതിനിധിക്കും സര്‍ക്കാരിനും പെണ്‍കുട്ടിയോട് തോന്നണമെന്നില്ല. അതിനാല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ ഒരു നിര്‍ബന്ധ ബുദ്ധിയുടെ ആവശ്യമില്ല. ഈ പ്രശ്നം എഐഎംപിഎല്‍ബി അദ്ധ്യക്ഷനുമായി ചര്‍ച്ച ചെയ്യും. അദ്ദേഹം ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ഉന്നയിക്കും. അതുവഴി നിയമഭേദഗതിക്ക് മുമ്പ് നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് മുമ്പില്‍ എത്തുമെന്നും മൗലാന പറഞ്ഞു.
Post Your Comments