തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ വിവിധ തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് നിയമസഭാമണ്ഡല നിരീക്ഷണ സംഘങ്ങള്‍ രൂപീകരിക്കും. മണ്ഡലാടിസ്ഥാനത്തില്‍ റോഡുകളുടെ പ്രവൃത്തികള്‍, കെട്ടിടങ്ങളുടെ അവസ്ഥ, പരിപാലന സ്ഥിതി, റെസ്റ്റ് ഹൗസുകളുടെ സ്ഥിതി തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് അറിയിക്കുകയാണ് നിരീക്ഷണ സംഘത്തിന്റെ ചുമതലയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓരോ നിയമസഭാമണ്ഡലത്തിലും ഒരു ഉദ്യോഗസ്ഥനെ ഇതിനായി ചുമതലപ്പെടുത്തും. മൂന്ന് ചീഫ് എന്‍ജിനീയര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. നിയമസഭാമണ്ഡലത്തില്‍ നിന്ന് നല്‍കുന്ന റിപ്പോര്‍ട്ട് മന്ത്രിയുടെ ഓഫീസില്‍ പരിശോധിക്കും. റോഡ് പരിപാലന വിഭാഗത്തിനാണ് ഇതിന്റെ മുഖ്യ ചുമതല. പുതുവര്‍ഷത്തില്‍ പദ്ധതിക്ക് തുടക്കമാകുമെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ മിഷന്‍ ടീം ഇതിനുള്ള അന്തിമ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ച് ഫോട്ടോയും വീഡിയോയും സഹിതമാണ് റിപ്പോര്‍ട്ട് നല്‍കുക. ഇതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ വകുപ്പ് തയ്യാറാക്കുന്നുണ്ട്.
കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് കൃത്യമായി അറിയുന്നതിന് പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റം തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. മഴ കഴിഞ്ഞുള്ള റോഡ് നിര്‍മ്മാണത്തിനായി 213.41 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഗുണമേന്മ ഉറപ്പു വരുത്താനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു.
Post Your Comments