![high court](/wp-content/uploads/2019/07/high-court-1.jpg)
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം ചോദ്യം ചെയ്തുള്ള അപ്പീല്‍ ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.
ക്വാ വാറന്റോ ഹര്‍ജി തള്ളിയതിനെതിരെ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സിലംഗം ഡോ. ഷിനോ പി ജോസ് എന്നിവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ആദ്യ നിയമനവും പുനര്‍ നിയമനവും തമ്മില്‍ വ്യത്യാസമില്ലെന്ന് ഹര്‍ജിക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യുജിസി മാനദണ്ഡം പാലിക്കാതെയാണ് നിയമനമെന്നും പുനര്‍നിയമന കാര്യത്തില്‍ പ്രായം ബാധകമല്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ വിലയിരുത്തല്‍ തെറ്റാണെന്നും അപ്പീലില്‍ പറയുന്നു.
കണ്ണൂര്‍ വിസി പുനര്‍നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി കൊണ്ട് വിസി നിയമനം കോടതി ശരിവെച്ചിരുന്നു. ആദ്യ നിയമനവും പുനര്‍ നിയമനവും തമ്മില്‍ വ്യത്യാസമുണ്ടെന്നും അതിനാല്‍ ആദ്യ നിയമനം നല്‍കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പുനര്‍നിയമനത്തില്‍ പാലിക്കേണ്ടതില്ലെന്നും വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.
Post Your Comments