തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ച് യൂട്യൂബറെ ആക്രമിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേര്‍ക്കെതിരേ തമ്പാനൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.
ലോഡ്ജില്‍ അതിക്രമിച്ച് കയറി യൂട്യൂബറായ വിജയ് പി നായരെ മര്‍ദിച്ചെന്നും ശേഷം ദേഹത്ത് മഷിയൊഴിച്ചെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. അതിക്രമിച്ചുകയറിയതിനും മര്‍ദിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഡിസംബര്‍ 22 ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
2020 സെപ്റ്റംബറിലാണ് യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ വിജയ് പി നായര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ച് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇയാളെ മര്‍ദിച്ച വിവാദ സംഭവം നടന്നത്. സംഭവം സോഷ്യൽ മീഡിയയയിലൂടെ പുറത്തുവിട്ട ഭാഗ്യലക്ഷ്മിയും സംഘവും വിജയ് പിനായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു.
Post Your Comments