കോഴിക്കോട്: കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ സിപിഐഎം ശ്രമിക്കുന്നെന്ന് ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുള്‍ അസീസ്. മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയ ചരിത്രം വിസ്മരിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ജമാ അത്തെ ഇസ്ലാമിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ പദവിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കുന്നതില്‍ ചരിത്രത്തില്‍ സിപിഐഎമ്മിന്റെ പേര് രേഖപ്പെടുത്താന്‍ പോവുകയാണ്. കേരളത്തെ വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് സിപിഐഎം കൊണ്ട് പോവുന്നത്. അധികാരത്തുടര്‍ച്ച എന്ന ഏകലക്ഷ്യത്തിലൂന്നിയപ്പോള്‍ അരുതാത്ത പലതും സിപിഐഎമ്മിന് ചെയ്യേണ്ടി വരുന്നു. ബിജെപി കേന്ദ്രത്തില്‍ ചെയ്യുന്നതാണ് കേരളത്തില്‍ സിപിഐഎമ്മും സര്‍ക്കാരും ചെയ്യുന്നതെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പറഞ്ഞു.
Also Read:ഇനി നാല് ദിവസം ബാങ്ക് ഇടപാടുകൾ സ്തംഭിക്കും: ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കിലേക്ക്
ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, ഹലാല്‍ തുടങ്ങിയ ആരോപണങ്ങള്‍ കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇവയെ വളരെ ശക്തമായി നേരിടേണ്ട ഭരണകൂടം അവിടെ അറച്ച് നില്‍ക്കുകയും നോക്കി നില്‍ക്കുകയുമാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ പ്രബലമായ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ രാഷ്ട്രീയമായും ആശയപരമായും നേരിടുന്നതിന് പകരം സമൂഹത്തിൽ വർഗീയത വിതച്ച് വിളവെടുപ്പ് നടത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നീക്കങ്ങളോട് ജമാഅത്തെ ഇസ്‌ലാമിയെ ചേർത്തുവെച്ച് ദുരൂഹത ജനിപ്പിക്കുംവിധം വ്യാജ പ്രചരണങ്ങൾ അഴിച്ചുവിടുന്നത് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളിൽനിന്ന് ഉണ്ടാകേണ്ടതല്ലെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
‘ജമാഅത്തെ ഇസ്‌ലാമി ഇതിനു മുമ്പും ഇന്ത്യയിലെ ബി.ജെ.പി ഒഴികെയുളള രാഷ്ട്രീയ കക്ഷികളുമായി തത്ത്വാധിഷ്ഠിതമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചുപോന്ന സംഘടനയാണ്. നീതിയും സമാധാനവും പുലരുന്ന രാജ്യതാൽപര്യം മാത്രം മുന്നിൽകണ്ടുള്ള രാഷ്ട്രീയ പിന്തുണയായിരുന്നു അവയൊക്കെയും. കേരളത്തിലെ സി.പി.എമ്മടക്കമുള്ള ഇടതുപക്ഷം എത്രയോ തെരഞ്ഞെടുപ്പുകളിൽ ജമാഅത്തിന്റെ ഈ രാഷ്ട്രീയ പിന്തുണ സ്വീകരിച്ചവരും ശരിവെച്ചവരും അതിന്റെ ഗുണഫലങ്ങൾ അനുഭവിച്ചവരുമാണ്. എന്നാൽ ജമാഅത്തെ ഇസ്‌ലാമിയുടെ തത്ത്വാധിഷ്ഠിതമായ രാഷ്ട്രീയപിന്തുണ സ്വീകരിച്ചപ്പോഴും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിച്ചത് ജമാഅത്തെ ഇസ്‌ലാമിയാണെന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറല്ലെങ്കിൽ മുസ്‌ലിം ലീഗടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്കും അത് വകവെച്ചുകൊടുക്കാനുള്ള ജനാധിപത്യമര്യാദ അങ്ങ് കാട്ടണം. തങ്ങളുടെ കൂടെകൂടുമ്പോൾ മാത്രം ഒരു കൂട്ടർ വിശുദ്ധരും പുരോഗമനവാദികളും മറുപക്ഷത്താകുമ്പോൾ അവിശുദ്ധരും തീവ്രവാദികളുമായി മാറുന്നതിന്റെ രസതന്ത്രം രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയാണ്’, അമീർ പറഞ്ഞു.
Post Your Comments