ജെറുസലേം: ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഒരു മില്യൺ കോവിഡ് വാക്സിൻ സംഭാവന ചെയ്യുമെന്ന് ഇസ്രയേൽ. ഏതാനും ആഴ്ചകൾക്കുള്ളിൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ആസ്ട്ര സെനക്ക വാക്സിൻ എത്തിക്കുമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഈ തീരുമാനത്തിലൂടെ ആഫ്രിക്കൻ രാജ്യങ്ങളുമായി ഇസ്രയേലിന് കൂടുതൽ അടുത്ത നയതന്ത്രബന്ധം സ്ഥാപിക്കാൻ കഴിയും. ഏതൊക്കെ ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് വാക്സിൻ നൽകുന്നതെന്ന വിവരം ഇതുവരെ ഇസ്രയേലി ഭരണകൂടം പുറത്തു വിട്ടിട്ടില്ല.
കെനിയ, ഉഗാണ്ട, റുവണ്ട എന്നീ രാജ്യങ്ങളുമായി ഇസ്രയേലിന് നയതന്ത്രബന്ധമുണ്ട്. കഴിഞ്ഞ വർഷം ഇസ്രയേൽ സുഡാനുമായും നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു. ലോകത്ത് കൊറോണ പടർന്നു പിടിക്കുന്നതിനാൽ, വാക്സിൻ ക്ഷാമം നേരിടുന്ന രാജ്യങ്ങൾക്ക് പല രാജ്യങ്ങളും വാക്സിൻ നൽകുന്നുണ്ട്. ആദ്യമായി സമ്പൂർണ വാക്സിനേഷൻ പൂർത്തീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇസ്രയേൽ.
ഈ വർഷം ആദ്യം, പലസ്തീനുമായി ഇസ്രയേൽ വാക്സിൻ പങ്കുവയ്ക്കുന്നില്ലെന്ന ആരോപണമുയർന്നിരുന്നു. എന്നാൽ, ഇസ്രയേൽ ഈ ആരോപണം നിഷേധിച്ചു. തങ്ങളുടെ രാജ്യത്തുള്ളതും സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതുമായ പലസ്തീൻ പൗരൻമാർക്ക് സൗജന്യമായി ഇസ്രായേൽ വാക്സിൻ നൽകിയിരുന്നു.
Post Your Comments