Latest NewsKeralaNews

പെരിയ ഇരട്ടക്കൊലപാതകം: കോടതിയില്‍ ഹാജരാകാതെ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍

ജാമ്യത്തിലിറങ്ങിയ മൂന്ന് പേര്‍ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരായി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം മൂന്ന് പ്രതികള്‍ കോടതിയില്‍ ഹാജരായില്ല. കെവി കുഞ്ഞിരാമന് പുറമേ സിപിഎം നേതാക്കളായ കെവി ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരാണ് കോടതിയില്‍ ഹാജരാകാത്തത്. ഹാജരാകാന്‍ നോട്ടീസ് ലഭിച്ചത് വൈകിയായതിനാല്‍ മറ്റൊരു ദിവസം ഹാജരാകാന്‍ അനുമതി നല്‍കണമെന്ന് കുഞ്ഞിരാമന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

Read Also : കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം: അധികാര ദുര്‍വിനിയോഗം നടത്തിയ ആര്‍ ബിന്ദുവിനെ പുറത്താക്കണമെന്ന് ചെന്നിത്തല

അതേസമയം ജാമ്യത്തിലിറങ്ങിയ മൂന്ന് പേര്‍ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരായി. രാഘവന്‍ വെളുത്തോളി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം ബാലകൃഷ്ണന്‍ എന്നിവരാണ് ഹാജരായത്. അവര്‍ക്ക് ജാമ്യത്തില്‍ തുടരാനുള്ള അനുമതി കോടതി നല്‍കി. കേസില്‍ നിലവില്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ നീട്ടി. കാസര്‍കോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. ഇന്ന് ഹാജരാകാത്തവരോട് ഈ മാസം 22ന് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. കേസ് 29ന് വീണ്ടും പരിഗണിക്കും.

ഡിസംബര്‍ ഒന്നിനാണ് സിബിഐ മുന്‍ എംഎല്‍എ അടക്കം അഞ്ചു സിപിഎം പ്രവര്‍ത്തകരെ കേസില്‍ പ്രതിചേര്‍ത്തത്. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പുതുതായി 10 പേരെയാണ് സിബിഐ കേസില്‍ പ്രതി ചേര്‍ത്തത്. കേസില്‍ 20ാം പ്രതിയാണ് കുഞ്ഞിരാമന്‍. 14 പ്രതികളെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ആകെ 24 പ്രതികളാണ് കേസിലുള്ളത്. ഗൂഢാലോചന, കൊല്ലപ്പെട്ടവരുടെ യാത്ര വിവരങ്ങള്‍ കൈമാറുക, ആയുധങ്ങള്‍ നല്‍കുക, വാഹന സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയത്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു അടക്കം അഞ്ചുപേരെ ഡിസംബര്‍ ആദ്യമാണ് സിബിഐ അറസ്റ്റ് ചെയ്തത്. കേസ് ഏറ്റെടുത്ത് ആറ് മാസത്തിന് ശേഷമാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തത്.

സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെട്ട രാഷ്ട്രീയ കൊലപാതകമാണ് പെരിയയില്‍ നടന്നതെന്നാണ് സിബിഐ കണ്ടെത്തല്‍. 2019 ഫെബ്രുവരി 17ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കാസര്‍കോട് കല്യോട്ട് വച്ച് ബൈക്കില്‍ പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും അക്രമിസംഘം കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button