അബുദാബി: കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബി. മറ്റ് എമിറേറ്റുകളിൽ നിന്നും എത്തുന്നവർക്ക് പ്രത്യേക പരിശോധന നടത്താനാണ് അബുദാബിയുടെ തീരുമാനം. യുഎഇയിലെ മറ്റു എമിറേറ്റുകളിൽ നിന്നു അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡ് രോഗലക്ഷണങ്ങളുണ്ടോയെന്നറിയാൻ വേണ്ടിയാണ് പ്രത്യേക പരിശോധന നടത്തുന്നത്.
അബുദാബിയിലേക്കുള്ള പ്രവേശനകവാടങ്ങളിൽ ഇഡിഇ സ്‌കാനറുപയോഗിച്ചായിരിക്കും പരിശോധന നടത്തുന്നതെന്ന് അബുദാബി അടിയന്തര ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. കോവിഡ് രോഗബാധിതരെന്നു സംശയിക്കുന്നവർക്ക് റോഡരികിലെ കേന്ദ്രത്തിൽ ഉടൻ സൗജന്യ ആന്റിജൻ പരിശോധന നടത്തും. 20 മിനിറ്റിനുള്ളിൽ ഇതിന്റെ പരിശോധനാ ഫലം ലഭ്യമാകുകയും ചെയ്യും. യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
അതേസമയം 148 പുതിയ കോവിഡ് കേസുകളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 92 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
7,43,152 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,38,141 പേർ രോഗമുക്തി നേടി. 2,151 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 2,860 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
Read Also: ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആദ്യ 10 പേരില്‍ ഇടംപിടിച്ച് പ്രധാനമന്ത്രി മോദി
Post Your Comments