ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം കണ്ട അതുല്യ പ്രതിഭയെന്ന്
രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഒരാള്‍ക്ക് പ്രധാനമന്ത്രിയാകണമെങ്കില്‍ നിരവധി കഴിവുകള്‍ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കഴിവുകളുടെയും മിശ്രിതമാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രശാന്തിന്റെ പരാമര്‍ശം.
‘സമൂഹത്തിന്റെ മേലേത്തട്ട് മുതല്‍ താഴെത്തട്ട് വരെയുള്ളയാളുകളെ പൂര്‍ണമായും മനസിലാക്കാന്‍ സാധിച്ചിട്ടുള്ള മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകനും ഉണ്ടാകില്ല. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ജീവിതം നോക്കിയാല്‍ തന്നെ അത് മനസിലാകും. രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യ കാലഘട്ടത്തില്‍ ഏകദേശം 15 വര്‍ഷത്തോളം അദ്ദേഹം ആര്‍എസ്എസ് പ്രചാരക് ആയി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ജനങ്ങളുമായി അടുത്ത് ഇടപഴകാനും പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. പിന്നീട് 15 വര്‍ഷം രാഷ്ട്രീയ സംഘാടകനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തു. സംഘടനാ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. തുടര്‍ന്ന് 15 വര്‍ഷം മുഖ്യമന്ത്രിയാവുകയും അവിടെ നിന്നും പ്രധാനമന്ത്രിയാവുകയും ചെയ്തു. ഇങ്ങനെ 50 ഓളം വര്‍ഷം അതുല്യമായ രാഷ്ട്രീയ ജീവിതമാണ് അദ്ദേഹം നയിച്ചത്. ജനങ്ങളുടെ ആവശ്യം മനസിലാക്കിക്കൊണ്ട് രാജ്യത്തെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കാന്‍ മാത്രം അനുഭവ സമ്പത്തുളള മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകനെയും തനിക്ക് അറിയില്ല’ പ്രശാന്ത് കിഷോര്‍ പറഞ്ഞു.
Post Your Comments