ലഖ്‌നൗ: കാശി വിശ്വനാഥ് ധാം ഇടനാഴി ഒരു മഹത്തായ ഭവനം മാത്രമല്ല ഇന്ത്യയുടെ സനാതന സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാശി വിശ്വനാഥന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് എഴുതപ്പെട്ടതെന്നും ഇതിനുസാക്ഷ്യം വഹിക്കാന്‍ സാധിച്ചതില്‍ നാം ഭാഗ്യവാന്‍മാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാശി ധാം ഇടനാഴിയുടെ ആദ്യഘട്ട നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘അക്രമികള്‍ ഈ നഗരത്തെ ആക്രമിക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഔറംഗസേബിന്റെ ക്രൂരതകള്‍ക്കും ഭീകരതയ്ക്കും ചരിത്രം സാക്ഷിയാണ്. വാള്‍ ഉപയോഗിച്ച് നാഗരികതയെ മാറ്റാനും സംസ്‌കാരത്തെ തകര്‍ക്കാനും ഔറംഗസേബ് ശ്രമിച്ചു. എന്നാല്‍ ലോകത്തെ മറ്റിടങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഈ രാജ്യത്തെ മണ്ണ്. ഇവിടെ ഒരു ഔറംഗസേബ് വന്നാല്‍ ഒരു ശിവജിയും ഉയര്‍ന്നുവരും. ഒരു സലാര്‍ മസൂദ് മുന്നോട്ടുവന്നാല്‍ രാജ സുഖല്‍ദേവിനെ പോലുള്ള യോദ്ധാക്കള്‍ നമ്മുടെ ഐക്യത്തിന്റെ ശക്തി അവരെ ബോധ്യപ്പെടുത്തും’, പ്രധാനമന്ത്രി പറഞ്ഞു.
പുരാതന-ആധുനിക സംസ്‌കാരത്തിന്റെ സമ്മേളനമാണ് കാശിയില്‍ കാണുന്നത്. കാശിയിലെ സര്‍ക്കാര്‍ ദൈവം മാത്രമാണെന്നും കാശി അതിന്റെ ഭൂതകാല ചൈതന്യം വീണ്ടെടുക്കുകയാണെന്നും മോദി പറഞ്ഞു. വാരണാസിയുടെ പ്രതിച്ഛായ ഉയര്‍ത്തുന്ന പദ്ധതിയാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചതെന്നും മുന്‍ സര്‍ക്കാരുകള്‍ വാരണാസിയുടെ വികസനത്തിനായി ഒന്നുംചെയ്തില്ലെന്നും മോദി ആരോപിച്ചു. കേവലം ഒരു ഉദ്ഘാടന സന്ദർശനമായിരുന്നില്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശി യാത്ര. വാരണാസിയുടെ മണ്ണും മനസ്സും തൊട്ടറിഞ്ഞുള്ള തീർത്ഥാടനമായിരുന്നു നരേന്ദ്ര മോദി നടത്തിയത്.
ക്ഷേത്ര നഗരിയുടെ ഇരുവങ്ങളിലും ആബാലവൃദ്ധം ജനങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിക്കാനും ഒരുനോക്ക് കാണാനും കാത്തുനിൽക്കുകയായിരുന്നു. പുഷ്പവൃഷ്ടി നടത്തിയും ജയ് വിളിച്ചും രാഷ്‌ട്ര സേവകന് വാരണാസിക്കാർ സ്വാഗതമോതി. തന്റെ സുരക്ഷ കണക്കിലെടുക്കാതെ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വാതിൽ തുറന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത മോദിയുടെ നടപടി അപൂർവ്വ കാഴ്ചയായി. എന്നുമാത്രമല്ല തലപ്പാവും ഷാളുമായി കാത്തുനിന്നവരെ അത് തന്നെ അണിയിക്കാൻ അനുവദിക്കുകയും ചെയ്ത് ജനമനസ്സുകൾ കീഴടക്കി നരേന്ദ്ര മോദി.
രാവിലെ വാരണാസിയിൽ എത്തിയ നരേന്ദ്ര മോദിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻപട്ടേൽ ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു. കാലഭൈരവ ക്ഷേത്ര ദർശനത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. കാലഭൈരവ സ്തുതിയും മണിനാദവും മുഴങ്ങിയ അന്തരീക്ഷത്തിൽ ഭഗവാന് പൂജകൾ അർപ്പിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോടൊപ്പം ഖിർക്കിയ ഘാട്ടിലെത്തി ഗംഗാ നദിയിലൂടെ ബോട്ട് യാത്ര നടത്തി.
ഡബിൾ ഡക്കർ ബോട്ടിൽ അരമണിക്കൂർ നീണ്ട യാത്ര അവസാനിച്ചത് ലളിത ഘാട്ടിൽ. മഹാനദിയുടെ തീരത്ത് തന്നെ കാണാനെത്തിയവരെ പ്രധാനമന്ത്രി കൈകൾ വീശി അഭിവാദ്യം ചെയ്തു. പിന്നീട് ഗംഗയിൽ പുണ്യ സ്നാനത്തിന് ശേഷം ഗംഗാ ജലവുമായാണ് നരേന്ദ്രമോദി കാശി വിശ്വ നാഥ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെ പ്രത്യേക പൂജയിൽ പുരോഹിതർക്കൊപ്പം പങ്ക് ചേർന്നു.ഗംഗാ തീരത്തുനിന്നും കാശി വിശ്വനാഥ സന്നിധിയിലേയ്‌ക്ക് ഇനി മുതൽ എളുപ്പത്തിൽ ഭക്ത ജനങ്ങൾക്ക് എത്തിച്ചേരാനാകും. ആത്മീയതയുടെ തപോഭൂമിയായ കാശിയിൽ എത്തുന്ന ഭക്തരെ കാത്തിരിക്കുന്നത് ഇനി മികച്ച അടിസ്ഥാന സൗകര്യങ്ങളായിരിക്കും.
Post Your Comments