KeralaLatest NewsNews

മുങ്ങിത്താഴുന്ന കാറില്‍ യുവതിയും എട്ട് വയസുകാരനും, അപ്രതീക്ഷിത അപകടത്തില്‍ രണ്ട് ജീവനുകള്‍ക്ക് രക്ഷകരായി എത്തിയത് ഇവരും

കൊല്ലം : വളരെ അപ്രതീക്ഷിതമായി നടന്ന അപകടത്തില്‍ രണ്ട് ജീവനുകളെ രക്ഷിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ നാട്ടിലെ താരങ്ങള്‍. ചവറ ടൈറ്റാനിയം-ശാസ്താംകോട്ട റോഡില്‍ തേവലക്കര കൂഴംകുളം ജംക്ഷനു സമീപം വാഹനങ്ങള്‍ കൂട്ടയിടിച്ച് ആഴമുള്ള കുളത്തിലേക്ക് കാര്‍ തലകീഴായി വീഴുകയായിരുന്നു. അമ്മയും എട്ടുവയസുകാരനുമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.

Read Also : ക്യാപ്റ്റനല്ലെങ്കിലും ഏറെക്കാലമായി കണ്ടു കൊണ്ടിരിക്കുന്ന എനര്‍ജിയുള്ള കൊഹ്‌ലിയെ ഇനിയും കാണാന്‍ സാധിക്കും: ഗൗതം ഗംഭീര്‍

വെള്ളിമണ്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരി തേവലക്കര പാലയ്ക്കല്‍ ബീനാ ഭവനില്‍ എസ്.അനുവും (39) 8 വയസ്സുകാരനായ മകന്‍ സനല്‍ കൃഷ്ണനുമാണ് അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ചവറ അഗ്‌നിരക്ഷാനിലയത്തിലെ ഫയര്‍മാനായ മൈനാഗപ്പള്ളി പച്ചം കുളത്ത് നൗഫര്‍ പി.നാസറും കരുനാഗപ്പള്ളി നിലയത്തിലെ ഫയര്‍മാന്‍ ചവറ കോട്ടയ്ക്കകം സാരംഗയില്‍ മിഥുനുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി രണ്ടുവഴിക്ക് പോവുകയായിരുന്ന ഇവര്‍ അപകടം കണ്ട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു.

മിനിലോറിയും ഓട്ടോയും കൂട്ടിയിടിച്ച അപകടം കണ്ടുകൊണ്ടാണ് നൗഫര്‍ അവിടെ ഇറങ്ങിയത്. ഇദ്ദേഹം സഞ്ചരിച്ച കാറില്‍ ഓട്ടോ തട്ടിയിരുന്നു. അപ്പോഴാണ് കുളത്തില്‍ പതിച്ച കാര്‍ കണ്ടത്. ഉടന്‍ തന്നെ നൗഫര്‍ കുളത്തിലേക്ക് ചാടി. നീന്തി അടുത്ത് എത്തിയപ്പോള്‍ കാര്‍ ഒഴുകി നടക്കുകയായിരുന്നു. മുന്‍ സീറ്റില്‍ യുവതിയെയും മകനെയും കണ്ടു. കാറില്‍ വെള്ളം കയറിത്തുടങ്ങിയിട്ടില്ലായിരുന്നു. ചില്ലു പൊട്ടിച്ച് ആളെ പുറത്തെടുക്കാന്‍ കയ്യില്‍ കല്ല് കരുതിയെങ്കിലും വെള്ളം കയറാനുള്ള സാധ്യത മനസ്സിലാക്കിയതോടെ വേണ്ടെന്നു വച്ചു.

നാട്ടുകാരോടു കയര്‍ കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു. ആ സമയത്താണ് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ മിഥുന്‍ കൂട്ടുകാരോടൊത്ത് അതു വഴി വന്നത്. അപകടം കണ്ട് മിഥുനും കുളത്തിലേക്ക് ചാടി. കയര്‍ ഉപയോഗിച്ച് കാര്‍ കെട്ടിവലിച്ച് കരക്കെത്തിച്ച ശേഷമാണ് ഡോര്‍ തുറന്ന് അമ്മയേയും മകനേയും രക്ഷിച്ചത്. അമ്മയെയും കുഞ്ഞിനെയും ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഴപ്പമില്ലെന്ന് കണ്ട് ഉടന്‍ വിട്ടയച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button