കൊൽക്കത്ത : തിരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രമാണ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി സ്വയം ഒരു ഹിന്ദുവാണെന്ന കാര്യം ഉയർത്തിക്കാണിക്കുന്നതെന്ന പരിഹാസവുമായി പശ്ചിമബംഗാൾ ബിജെപി പ്രസിഡന്റ് സുഖന്ദ മജുംദാർ. കഴിഞ്ഞ ദിവസം നടന്ന ഒരു റാലിക്കിടെയാണ് താൻ ഹിന്ദുവാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്.
‘രാഹുൽ സ്വയം ഒരു ഹിന്ദുവാണെന്ന് പറയുന്നത് വലിയ കാര്യമാണ്. പക്ഷേ തിരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രമാണ് താൻ ഹിന്ദുവാണെന്ന് രാഹുൽ പറയാറുള്ളത്. തിരഞ്ഞെടുപ്പുകൾക്ക് മുമ്പായി അയാൾ പലപ്പോഴും ‘പൂണൂൽ’ അണിയാറുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് അമ്പലങ്ങളിലും, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ടൂറിനും പോകും. തിരഞ്ഞെടുപ്പ് ഇല്ലാത്ത സമയത്ത് ബീച്ചിലേക്കായിരിക്കും രാഹുൽ പോകുന്നത്. ആ സമയം ഹിന്ദുവായിട്ടിരുന്നിട്ട് യാതൊരു കാര്യവുമില്ല. ചിലപ്പോൾ മാത്രം ഹിന്ദുവിന്റെ വേഷമണിയുന്നവർക്ക് രാമായണത്തിലെ രാവണനുമായി യാതൊരു വ്യത്യാസവുമില്ല’- സുഖന്ദ മജുംദാർ പറഞ്ഞു.
Read Also : രാവിലെ ട്രെയിനിറങ്ങിയ യാത്രക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്തു
ജയ്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഹിന്ദുവിനെയും ഹിന്ദുത്വവാദികളേയും കുറിച്ചുള്ള രാഹുലിന്റെ പരാമർശം. ‘ രാജ്യത്തെ രാഷ്‌ട്രീയത്തിൽ ഇന്ന് രണ്ട് വാക്കുകൾ തമ്മിലൊരു ഏറ്റുമുട്ടൽ നടക്കുകയാണ്. ഒരു വാക്ക് ഹിന്ദു എന്നും മറ്റേത് ഹിന്ദുത്വവാദി എന്നുമാണ്. ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണ്. ഇന്ത്യ ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല. ഞാൻ ഹിന്ദുവാണ്. എന്നാൽ ഹിന്ദുത്വവാദിയല്ല. ഹിന്ദുത്വവാദികള്‍ 2014 മുതല്‍ അധികാരം കൈയ്യാളുകയാണ്. നമുക്ക് ഈ ഹിന്ദുത്വവാദികളെ അധികാരത്തില്‍ നിന്ന് പുറത്താക്കി. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന സത്യത്തിന്റെ പാതയിലുള്ള ഹിന്ദുക്കളുടെ ഭരണം തിരികെ കൊണ്ടുവരണം’- രാഹുല്‍ ഗാന്ധി പറഞ്ഞു.
Post Your Comments