കട്ടപ്പന: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. കോതമംഗലം സ്വദേശി പീറ്റർ ദേവസ്യയാണ് പൊലീസ് പിടിയിലായത്.
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപം പ്രവൃത്തിക്കുന്ന വടക്കേമുറിയിൽ ഫിനാൻസിൽ 16.5 ഗ്രാം തൂക്കമുള്ള മുക്കുപണ്ടങ്ങൾ പണയം വെച്ച് 2021 മാർച്ച് 19ന് 57,000 രൂപ ഇയാൾ തട്ടിയെടുത്തിരുന്നു. ബുധനാഴ്ച വീണ്ടും കോതമംഗലത്തെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെക്കാൻ ശ്രമിക്കവെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് കട്ടപ്പനയിലെ സ്ഥാപനത്തിൽ നടത്തിയ തട്ടിപ്പ് പുറത്തുവന്നത്. പ്രാഥമിക പരിശോധനയിൽ മുക്കുപണ്ടമെന്ന് കണ്ടെത്താൻ കഴിയാത്ത തരത്തിൽ നിർമിച്ച വളകളാണ് ഇയാൾ കട്ടപ്പനയിലെ സ്ഥാപനത്തിൽ പണയപ്പെടുത്തിയത്. പിന്നീട് ധനകാര്യ സ്ഥാപനത്തിെന്റെ ഓഡിറ്റിങ് സമയത്ത് വളകൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാൾ നൽകിയ രേഖകൾ പ്രകാരം ബാങ്ക് ജീവനക്കാർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് നൽകിയ രേഖയും വ്യാജമാണെന്ന് വ്യക്തമായത്.
പ്രതിയെ വെള്ളിയാഴ്ച കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രിൻസിപ്പൽ എസ്.ഐ കെ. ദിലീപ്കുമാർ, എസ്.ഐ എം.എസ് ശംസുദ്ദീൻ, ഗ്രേഡ് എസ്.ഐ നിസാർ, സി.പി.ഒമാരായ എബിൻ, ഹരി എന്നിവരാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments