അടൂർ: യുവാവിനെ വീടുകയറി ആസിഡൊഴിച്ച ശേഷം മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. ഒളിവിൽ പോയ കൊട്ടാരക്കര താലൂക്കിൽ മൈലം വില്ലേജിൽ ഇട്ടിയപറമ്പിൽ ചാത്തൻകോട്ട് വീട്ടിൽ അനിൽ(35), കൊട്ടാരക്കര താലൂക്കിൽ മൈലം വില്ലേജിൽ കുഴിവിള മേലേതിൽ വീട്ടിൽ പ്രശാന്ത് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം. മുൻ വൈരാഗ്യത്തിന്റെ പേരിൽ ഏനാദിമംഗലം വില്ലേജിൽ മാരൂർ രഞ്ജിത് ഭവനം വീട്ടിൽ രാത്രി എട്ടരയോടെ വീട്ടിൽ അതിക്രമിച്ചു കയറി രഞ്ജിത്തിന്റെ മുഖത്ത് ആസിഡ് ഒഴിച്ചശേഷം ഇരുമ്പുപൈപ്പുകൾ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. കണ്ണിനും മുഖത്തും ഗുരുതര പരിക്കേറ്റ രഞ്ജിത് കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അഞ്ചു വർഷങ്ങൾക്ക് മുമ്പ് കേസിലെ ഒന്നാംപ്രതി അനിലിനെയും സഹോദരൻ സുനിലിനെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതിയായ രഞ്ജിത്തിനോടുള്ള കടുത്ത വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ്.ഐമാരായ എം. മനീഷ്, ബിജു ജേക്കബ്, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, റോബി, ജയൻ, രതീഷ്, അൻസാജു എന്നിരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Post Your Comments