ന്യൂഡല്‍ഹി: കൂനൂരില്‍ സംയുക്ത സേന മേധാവി ഉള്‍പ്പെടെയുള്ളവര്‍ മരിച്ച അപകടത്തിന് മുന്‍പായി ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍ പരിശോധിക്കാനായി 26 മണിക്കൂര്‍ ട്രയൽ ആയി പറന്നിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ ഒന്നും തന്നെ ഈ യാത്രയില്‍ നേരിട്ടിരുന്നില്ല. വിശദമായ പരിശോധനയായിരിക്കും ഡ്രൈ റിഹേഴ്സല്‍ സമയത്ത് നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായി പറക്കേണ്ടുന്ന സഞ്ചാരപാത, ഹെലിപാഡ് ലാന്‍ഡിങ് തുടങ്ങിയവയെല്ലാം പരിശോധിക്കും.
ഇത്തരത്തില്‍ കൂനൂരില്‍ നിന്ന് വെല്ലിങ്ടണിലേക്കുള്ള യാത്രാപഥവും, വെല്ലിങ്ടണ്‍ ഹെലിപാഡിലെ ലാന്‍ഡിങുമെല്ലാം റിഹേഴ്സലില്‍ പരിശോധിച്ചിരുന്നു. ഹെലികോപ്റ്റര്‍ സൂലൂരിലേക്കും തിരിച്ച് വെല്ലിങ്ടണിലേക്കുമുള്ള ഡ്രൈ റിഹേഴ്സല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് ബിപിന്‍ റാവത്തിനും സംഘത്തിനുമുള്ള യാത്രയ്ക്ക് വഴിയൊരുങ്ങിയത്. ഭരണത്തലവന്മാരുടേയും ഉന്നത സേനാമേധാവികളുടേയും സന്ദര്‍ശനത്തിന് മുന്‍പായി ഇത്തരത്തില്‍ ഡ്രൈ റിഹേഴ്സല്‍ നടത്തണം എന്നതാണ് ചട്ടം.
റിഹേഴ്സലില്‍ ഹെലികോപ്റ്റര്‍ പറത്തുന്ന പൈലറ്റ് തന്നെയായിരിക്കും വി.ഐ.പിയുമായി പോകുമ്പോഴും കോപ്റ്റര്‍ പറത്തുന്നത്. ഒടുവില്‍ സാങ്കേതിക പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കി കോപ്റ്റര്‍ സീല്‍ ചെയ്യും. പിന്നീട് വി.ഐ.പി എത്തുന്ന ദിവസം മാത്രമാണ് ഇത് ഉപയോഗിക്കുക.അതേസമയം ബിപിന്‍ റാവത്ത് ഉള്‍പ്പട്ട സംഘത്തെ റോഡ് മാര്‍ഗ്ഗം വെല്ലിങ്ടണില്‍ എത്തിക്കാനുള്ള സജ്ജീകരണങ്ങളും തയ്യാറാക്കിയിരുന്നുവെന്നാണ് വിവരം. വ്യോമമാര്‍ഗ്ഗമുള്ള യാത്രയില്‍ ഏതെങ്കിലും വിധത്തിലുള്ള തടസ്സം നേരിടുകയാണെങ്കില്‍ ഈ രീതിയിലായിരിക്കും യാത്ര നടത്തുന്നത്.
ഇതിന്റെ ഭാഗമായി ബിപിന്‍ റാവത്തിനും സംഘത്തിനും യാത്ര ചെയ്യാനുള്ള വാഹന വ്യൂഹവുമായിട്ടാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് വെല്ലിങ്ടണില്‍ നിന്നും എത്തിയത്. എന്നാല്‍ അവസാന നിമിഷം ഈ തീരുമാനം മാറ്റി ഹെലികോപ്റ്ററിലെ യാത്ര തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. സമയലാഭം കണക്കിലെടുത്തായിരുന്നു തീരുമാനമെന്നാണ് വിവരം
Post Your Comments