തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പട്ടിക ജാതി വിഭാഗങ്ങള്‍ക്കായി നല്‍കിയിരുന്ന ക്ഷേമപദ്ധതികളില്‍ കോടികളുടെ തിരിമറി നടന്നതായി വകുപ്പുതല ഓഡിറ്റ് റിപ്പോര്‍ട്ട്. രണ്ടരക്കോടിയോളം തട്ടിയതായാണ് പട്ടികജാതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് ജി ബാഹുലേയന്റെ നേതൃത്വത്തില്‍ നടന്ന ഓഡിറ്റില്‍ കണ്ടെത്തിയത്. 180 അപേക്ഷകരുടെ പണം തട്ടിയെടുത്തെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ 76,47,693 രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍ രണ്ടരക്കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വകുപ്പ് തല അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ അനുവദിച്ചട്ടുള്ള ഫണ്ടില്‍ നിന്നാണ് വകമാറ്റിയതയാണ് കണ്ടെത്തൽ. നിര്‍ധനരായ പട്ടികജാതിക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന ധനസഹായമാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും, താല്‍ക്കാലിക ജീവനക്കാരും ചേര്‍ന്ന് സ്വന്തം അക്കൗണ്ടിലേക്കും, ബന്ധുക്കളുടേയും, സുഹൃത്തുക്കളുടേയും അക്കൗണ്ടുകളിലേക്കും മാറ്റിയത്.
സംഭവവുമായി ബന്ധപ്പെട്ട് സീനിയര്‍ ക്ലര്‍ക്കായിരുന്ന എയു രാഹുലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ എസ്‌സി പ്രമോട്ടര്‍മാരായ വട്ടിയൂര്‍ക്കാവ് മഞ്ചാടിമൂട് സ്വദേശി എസ്ബി വിശാഖ് സുധാകരന്‍, ഈഞ്ചക്കല്‍ സ്വദേശി സംഗീത എന്നിവരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പുറമേ മേല്‍നോട്ട പിഴവ് വരുത്തിയ രണ്ട് പട്ടികജാതി ഓഫീസര്‍മാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, പഠനമുറി നിര്‍മാണം, ചകിത്സ സഹായം, വെള്ളപ്പൊക്ക സഹായം എന്നിങ്ങനെയുള്ളവയ്ക്ക് കോര്‍പ്പറേഷനില്‍ അപേക്ഷ സമര്‍പ്പിച്ചവർക്ക് ആകെ ഒരു തവണ മാത്രമാണ് പണം ലഭിച്ചത്. അപേക്ഷകരുടെ പേരും വച്ച് അക്കൗണ്ട് നമ്പറുകള്‍ മാറ്റി അപേക്ഷകളില്‍ അനുവദിച്ച് കിട്ടിയ പണം മുഴുവന്‍ പല അക്കൗണ്ടുകളിലേക്കായി മാറ്റുകയായിരുന്നു. പ്രതികള്‍ ഇത്തരത്തിൽ 10,472,500 രൂപയാണ് പല അക്കൗണ്ടുകളിലേക്കായി മാറ്റിയത്. നിരവധി തവണ പണം കൈമാറിയിരിക്കുന്ന 24 അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്.
Post Your Comments