Devotional

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രവും ഐതിഹ്യവും

അതി പുരാതനമായ ക്ഷേത്രമാണ് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം. തൃശ്ശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തില്‍ തൃപ്രയാര്‍ എന്ന സ്ഥലത്ത് കരുവന്നൂര്‍ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (ഇന്ന് ഈ നദി കനോലി കനാലിന്റെഭാഗമാണ്) കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂര്‍-എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്. ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവയാണ് മറ്റ് ക്ഷേത്രങ്ങള്‍. കേരളത്തിലെ ഏറ്റവും വലുതും പ്രസിദ്ധവുമായ ശ്രീരാമക്ഷേത്രവും തൃപ്രയാര്‍ തന്നെയാണ്. തിരുവില്വാമല, കടവല്ലൂര്‍,തിരുവങ്ങാട് എന്നിവയാണ് മറ്റ് പ്രധാന ശ്രീരാമക്ഷേത്രങ്ങള്‍.

ശ്രീകൃഷ്ണഭഗവാന്‍ദ്വാരകയില്‍പൂജിച്ചതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം എന്ന് വിശ്വസിച്ചു വരുന്നു. ഗണപതി, ദക്ഷിണാമൂര്‍ത്തി,ധര്‍മ്മശാസ്താവ്, ശ്രീകൃഷ്ണന്‍ (ഗോശാലകൃഷ്ണന്‍), ഹനുമാന്‍, ചാത്തന്‍ എന്നിവരാണ് ഇവിടത്തെ ഉപദേവതകള്‍. വൃശ്ചികമാസത്തിലെ കറുത്ത ഏകാദശി ദിവസം ഇവിടെ നടക്കുന്ന തൃപ്രയാര്‍ ഏകാദശി മഹോത്സവം വളരെ വിശേഷമാണ്.മീനമാസത്തിലെ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിയ്ക്കുന്നത് ‘തൃപ്രയാര്‍ തേവര്‍’, ‘തൃപ്രയാറപ്പന്‍’ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇവിടത്തെ ശ്രീരാമസ്വാമി തന്നെയാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

ഐതിഹ്യം

വാമനാവതാരവേളയില്‍ ഭഗവാന്‍ ത്രിവിക്രമനായി വളര്‍ന്നുവന്നപ്പോള്‍ ഭഗവാന്റെ ഒരു പാദം സത്യലോകത്തിലെത്തി. ബ്രഹ്മാവ് പരിഭ്രമിച്ച് തന്റെ കമണ്ഡലുവിലുള്ള തീര്‍ത്ഥമെടുത്ത് ഭഗവല്പാദത്തില്‍ അഭിഷേകം ചെയ്തു. ആ തീര്‍ത്ഥജലം അവിടെ നിന്നൊഴുകിയപ്പോള്‍ കുറെ ഭാഗം ഭൂമിയിലും പതിച്ചു എന്നാണ് ഐതിഹ്യം. ആ തീര്‍ത്ഥജലമാണത്രെ ”തൃപ്രയാര്‍” ആയത്. ”തിരുപാദം കഴുകിയത് ആറായി” തീര്‍ന്നപ്പോള്‍ അത് ”തിരുപ്പാദയാറായി” അത് ശോഷിച്ച് തൃപാദയാറും തൃപ്രയാറും ആയി.

തൃപ്രയാറപ്പന് അഭിഷേകത്തിനായി വരുണന്‍ കൊടുത്തയച്ച തീര്‍ത്ഥവുമായെത്തിയ ഗംഗാനദി, അഭിഷേകത്തിനു ശേഷം തിരികെ പോകാന്‍ വിസമ്മതം പ്രകടിപിച്ച് ഭഗവാനു ചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ഈ സമയം ദര്‍ശനത്തിനായി വന്ന ഭക്തര്‍ക്ക് ക്ഷേത്രത്തിലെത്താന്‍ തീരെ നിവൃത്തിയില്ലാതായി. അപ്പോള്‍ ഭഗവാന്‍ നദിയുടെ ഗതി തിരിച്ചു വിടുകയും, അങ്ങനെ തിരിച്ചു വിട്ട ആറ് എന്ന അര്‍ത്ഥത്തില്‍ ”തിരു-പുറൈ-ആറ്” എന്നു വിശേഷിപ്പിക്കുകയുയും, പിന്നീട് തൃപ്രയാര്‍ ആയി മാറുകയും ചെയ്തു.

 

shortlink

Post Your Comments


Back to top button