കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാര്‍ ക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ‘മര്യാദാ പുരുഷോത്തമന്‍’ ശ്രീരാമനെ ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ചശേഷമുള്ള അത്യുഗ്രഭാവത്തില്‍ ചതുര്‍ബാഹു വിഷ്ണുരൂപത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഐശ്വര്യദേവതയായ ലക്ഷ്മീദേവിയേയും സര്‍വംസഹയായ ഭൂമീദേവിയെയും ഭഗവാന്റെ ഇരുവശത്തുമായി പ്രതിഷ്ഠിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തില്‍ തൃപ്രയാര്‍ എന്ന സ്ഥലത്ത് കരുവന്നൂര്‍ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (ഇന്ന് ഈ നദി കനോലി കനാലിന്റെ ഭാഗമാണ്) കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്. ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നസ്വാമിക്ഷേത്രം എന്നിവയാണ് മറ്റ് ക്ഷേത്രങ്ങള്‍. കര്‍ക്കിടക മാസത്തിലെ പ്രസിദ്ധമായ ‘നാലമ്പല ദര്‍ശനവും’ ഈ ക്ഷേത്രങ്ങളില്‍ ആണ് നടക്കുന്നത്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രമാണിത്. തിരുവില്വാമല, കടവല്ലൂര്‍, തിരുവങ്ങാട് എന്നിവയാണ് മറ്റ് പ്രധാന ശ്രീരാമക്ഷേത്രങ്ങള്‍. ശ്രീകൃഷ്ണഭഗവാന്‍ ദ്വാരകയില്‍ പൂജിച്ചതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം എന്ന് വിശ്വസിച്ചുവരുന്നു. ഗണപതി, ദക്ഷിണാമൂര്‍ത്തി (പരമശിവന്‍), ധര്‍മ്മശാസ്താവ്, ശ്രീകൃഷ്ണന്‍ (ഗോശാലകൃഷ്ണന്‍), ഹനുമാന്‍, ചാത്തന്‍ എന്നിവരാണ് ഇവിടത്തെ ഉപദേവതകള്‍. വൃശ്ചികമാസത്തിലെ കറുത്ത ഏകാദശി ദിവസം ഇവിടെ നടക്കുന്ന തൃപ്രയാര്‍ ഏകാദശി മഹോത്സവം വളരെ വിശേഷമാണ്. മീനമാസത്തിലെ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിയ്ക്കുന്നത് ‘തൃപ്രയാര്‍ തേവര്‍’, ‘തൃപ്രയാറപ്പന്‍’ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇവിടത്തെ ശ്രീരാമസ്വാമി തന്നെയാണ്. ശ്രീദേവി ഭൂദേവീ സമേതനായ തൃപ്രയാറപ്പനെ ദര്‍ശിച്ചാല്‍ ദുരിതങ്ങളും ദാരിദ്ര്യവും അകലുമെന്നാണ് വിശ്വാസം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
Post Your Comments