ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ സഖ്യമായ യു.പി.എ പുനരുജ്ജീവിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് ശിവസേന എം.പി സഞ്ജയ് റാവുത്ത്. ഇന്നലെ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് തകര്‍ച്ചയിലായ യു.പി.എ സഖ്യത്തെ ശക്തിപ്പെടുത്താന്‍ സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടത്. ശിവസേന സഖ്യത്തിന്‍റെ ഭാഗമായേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.
യു.പി.എ സഖ്യം ഇപ്പോഴില്ലെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവനക്കുള്ള മറുപടി കൂടിയാണ് ശിവസേനയുടെ നിലപാടെന്നാണ് വിലയിരുത്തല്‍. യു.പി.എ സഖ്യം ഇല്ലാതായിക്കഴിഞ്ഞെന്നും ബി.ജെ.പി ഫാഷിസത്തെ തോല്‍പ്പിക്കാന്‍ പുതിയ സഖ്യം വേണമെന്നുമായിരുന്നു മമത ബാനര്‍ജി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടിരുന്നത്.
‘മഹാരാഷ്ട്രയില്‍ മിനി യു.പി.എ സര്‍ക്കാറാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ഭരണത്തിലുള്ളതെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. ഇതേ മാതൃകയിലുള്ള സഖ്യം ദേശീയതലത്തിലും ആവശ്യമാണ്’ -റാവത്ത് ചൂണ്ടിക്കാട്ടി. ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും സംയുക്തമായുള്ള സഖ്യസര്‍ക്കാറാണ് മഹാരാഷ്ട്രയില്‍ ഭരിക്കുന്നത്.
Read Also: ജീവിച്ചത് രാജ്യത്തിനായി: കർമ്മയോദ്ധാവിന്റെ അവസാന മുന്നറിയിപ്പ് ഇതായിരുന്നു…
യു.പി.എ പുനരുജ്ജീവിപ്പിക്കുകയാണെങ്കില്‍ ശിവസേന ഭാഗമായേക്കുമെന്ന സൂചനയും റാവുത്ത് നല്‍കി. ‘എല്ലാവരേയും ക്ഷണിക്കണമെന്നാണ് ഞാന്‍ രാഹുലിനോട് പറഞ്ഞത്. ക്ഷണിക്കാതെ ആരും വരില്ല. ഒരു വിവാഹമോ മറ്റ് വിശേഷ ചടങ്ങോ നടക്കുമ്പോള്‍ നമ്മള്‍ ആളുകളെ ക്ഷണിക്കുകയാണല്ലോ പതിവ്. ക്ഷണം വരട്ടെ, ശിവസേന അപ്പോള്‍ അതിനെ കുറിച്ച് ചിന്തിക്കും. ഇക്കാര്യം ഉദ്ധവ് താക്കറെയുമായി സംസാരിച്ചിട്ടുണ്ട്’ -റാവുത്ത് വ്യക്തമാക്കി.
‘ ജനങ്ങള്‍ക്ക് രാഹുലിനെ കുറിച്ചുള്ള ചില ധാരണകള്‍ ശരിയല്ല. ശരിയായ ചിന്തകളുള്ള നേതാവാണ് രാഹുല്‍. അദ്ദേഹത്തിന്‍റെ പാര്‍ട്ടിയില്‍ ചില പാളിച്ചകളുണ്ട്. അവ പരിഹരിക്കാന്‍ അദ്ദേഹത്തിന് ആഗ്രഹവുമുണ്ട്’ -റാവുത്ത് പറഞ്ഞു. കോണ്‍ഗ്രസ് ഇല്ലാതെ ദേശീയ തലത്തില്‍ ഒരു പ്രതിപക്ഷ മുന്നണി സാധ്യമല്ലെന്ന നിലപാട് ശിവസേന നേരത്തെയും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, ദേശീയതലത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി പുതിയൊരു സഖ്യമുണ്ടാക്കാനാണ് മമതയുടെ ശ്രമം. ഇതിന്‍റെ തുടര്‍ച്ചയായാണ് മമത മഹാരാഷ്ട്രയിലെത്തി എന്‍.സി.പി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്.
Post Your Comments