KeralaLatest NewsIndia

കശ്മീരില്‍ പോലും ഇങ്ങനെ അപകടകരമായ രീതിയില്‍ മഞ്ഞുകയറി വരുന്ന സാഹചര്യമില്ല: അപകടത്തെ കുറിച്ച് മേജർ രവി

മലകളാല്‍ നിറഞ്ഞ പ്രദേശത്തുള്ള പ്രത്യേക സംഭവവികാസമാണിത്. അതിനാല്‍ കാലാവസ്ഥ തന്നെയാണ് ഇവിടെ ചതിച്ചതെന്ന് കരുതാം.

ചെന്നൈ: കൂനൂരില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ളവരുടെ മരണത്തിലേക്ക് നയിച്ച ഹെലികോപ്റ്റര്‍ അപകടത്തിന്റെ കാരണം മോശം കാലാവസ്ഥയാകാമെന്ന് റിട്ട.സൈനികനും സംവിധായകനുമായ മേജര്‍ രവി. പെട്ടെന്ന് മഞ്ഞുകയറി വിശ്വസിക്കാനാവാത്ത രീതിയില്‍ കാഴ്ച മറയ്ക്കപ്പെടുന്ന പ്രദേശമാണിത്. പിന്നീട് മുന്നിലുള്ള ഒന്നും കാണാന്‍ പൈലറ്റിന് സാധിക്കില്ല. ഇതായിരിക്കാം അപകടത്തിലേക്ക് നയിച്ചതെന്നും മേജര്‍ രവി ഒരു ചാനലിനോട് പറഞ്ഞു.

ബിപിന്‍ റാവത്തിന്റെ വിയോഗത്തിലൂടെ മികച്ച സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായത്. സൈന്യത്തില്‍ താന്‍ ക്യാപറ്റനായിരുന്ന സമയത്ത് ബിപിന്‍ റാവത്ത് മേജറായിരുന്നു. വ്യക്തിപരമായി വലിയ ബന്ധം അദ്ദേഹവുമായില്ല. ദീര്‍ഘവീക്ഷണത്തോടെ ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ മികച്ച സൈനികനായിരുന്നു അദ്ദേഹം. രാജ്യത്തിനായി പല കാര്യങ്ങളും ചെയ്യാനായി മുന്നോട്ടു വന്ന ധീരനായിരുന്നു ബിപിന്‍ റാവത്തെന്നും മേജര്‍ രവി അനുസ്മരിച്ചു.

അതേസമയം അദ്ദേഹത്തിന്റെ നിഗമനത്തിൽ അപകട സാദ്ധ്യതകൾ ഇവയാണ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഊട്ടി ഉള്‍പ്പടെയുള്ള ചില പ്രദേശങ്ങളിലും വളരെ പെട്ടെന്ന് മഞ്ഞുകയറും.  കശ്മീരില്‍ പോലും ഇങ്ങനെ അപകടകരമായ രീതിയില്‍ മഞ്ഞുകയറി വരുന്ന സാഹചര്യമില്ല. മലകളാല്‍ നിറഞ്ഞ പ്രദേശത്തുള്ള പ്രത്യേക സംഭവവികാസമാണിത്. അതിനാല്‍ കാലാവസ്ഥ തന്നെയാണ് ഇവിടെ ചതിച്ചതെന്ന് കരുതാം.

വെല്ലിങ്ടണിലെ കൂനൂര്‍ മലനിരകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ്. ഇവയ്ക്ക് ഇടയിലുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ജനവാസമുള്ളത്. വലിയ ഉയരത്തില്‍ നിന്നാണ് ഹെലികോപ്റ്റര്‍ താഴേക്ക് ഇറങ്ങേണ്ടത്. ഈ സമയത്ത് മഞ്ഞ് പ്രധാന ഘടകമായി മാറുമെന്ന് ഉറപ്പാണ്. കാഴ്ച തടസ്സപ്പെട്ട് കഴിഞ്ഞാല്‍ ഹെലികോപ്റ്ററിന്റെ വേഗത കൂടി കണക്കിലെടുക്കുമ്പോള്‍ നമ്മള്‍ ചിന്തിക്കുന്നതിന് മുമ്പേ തന്നെ അത് എവിടെയെങ്കിലും ഇടിച്ചിട്ടുണ്ടാകും. അപകടം ഒഴിവാക്കാന്‍ ഉയര്‍ന്നു പറക്കാന്‍ സാധിക്കുമായിരുന്നില്ലേ എന്ന ചോദ്യത്തിനും പ്രസക്തിയില്ലെന്ന് മേജർ രവി വ്യക്തമാക്കി.

അപകടത്തില്‍പ്പെട്ട MI 17 സീരീസിലുള്ള ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ടാകാനുള്ള സാധ്യതയില്ല. മിഗ് ഹെലികോപ്റ്ററുകളില്‍ നേരത്തെ ചില പ്രശ്‌നങ്ങളുണ്ടായതിനാല്‍ അവ സൈന്യം ഒഴിവാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി സൈന്യത്തിന്റെ ഭാഗമായ MI 17 V5 ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍ മൂലം തകര്‍ന്നുവീഴാന്‍ യാതൊരു സാധ്യതയുമില്ല. വെടിയുതിര്‍ക്കാന്‍ ശേഷി അടക്കമുള്ള അത്യാധുനിക സംവിധാനങ്ങളുള്ള ഹെലികോപ്റ്ററാണിത്.

സംയുക്ത സേനാ മേധാവിയെ പോലെ മുതിര്‍ന്ന ഓഫീസറുമായി യാത്ര ചെയ്യുമ്പോള്‍ വിദഗ്ധരായ ഉദ്യോഗസ്ഥരായിരിക്കും ഒപ്പമുണ്ടാവുക. ഹെലികോപ്റ്ററിന്റെ സാങ്കേതിക പരിശോധന നടത്തുന്നതും അതിവിദഗ്ധരായിരിക്കും. അതിനാല്‍തന്നെ ഇക്കാര്യങ്ങളില്‍ ഒരു വീഴ്ചയുണ്ടാകാന്‍ സാധ്യതയില്ല. കൂനൂരിലെ കാലാവസ്ഥ പ്രശ്‌നമില്ലെന്ന പ്രവചനത്തിലായിരിക്കും സൂലൂരില്‍ നിന്ന് സംഘം യാത്ര ആരംഭിച്ചത്. ലക്ഷ്യസ്ഥാനത്തേക്ക് ഒരു അഞ്ചു മിനിറ്റ് നേരത്തെ യാത്ര കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളു.

എന്നാല്‍ അവസാന നിമിഷം കയറി വന്ന കനത്ത മഞ്ഞായിരിക്കാം നിര്‍ഭാഗ്യകരമായ അപകടത്തിലേക്ക് നയിച്ചത്. മോശം കാലാവസ്ഥയാണെങ്കില്‍ യാത്ര മാറ്റിവയ്ക്കുക എന്നത് മാത്രമാണ് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള ഏക വഴി. എന്നാല്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാണെന്നും പ്രവചനാതീതമായ കാലാവസ്ഥയെക്കുറിച്ച് മുന്‍കൂട്ടി എങ്ങനെ മനസിലാക്കാന്‍ സാധിക്കുമെന്നതും സംശയകരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button