പാലക്കാട്: ബിജെപിയില്‍ ചേരാനുള്ള ഏക കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് മേജര്‍ രവി. രാജ്യത്തെക്കാള്‍ വലുത് മകളാണെന്ന് പറഞ്ഞ ഒരു നേതാവ് നമുക്ക് ഉണ്ടായിരുന്നെന്നും ഇന്നത്തെ സ്ഥിതി അങ്ങനെയല്ലെന്നും മേജര്‍ രവി പറഞ്ഞു.
‘പലരും പറഞ്ഞ് പരത്തിയിട്ടുള്ളത് മേജര്‍ രവി കമ്യൂണിസ്റ്റോ കോണ്‍ഗ്രസോ ആണെന്നാണ്. എന്നാല്‍, എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായിട്ട് ഒരു പാര്‍ട്ടിയുടെ അംഗത്വം സ്വീകരിച്ചത് കഴിഞ്ഞ ഡിസംബര്‍ 26-ന് ബിജെപിയുടെ പാര്‍ട്ടി അദ്ധ്യക്ഷനായ നദ്ദയില്‍ നിന്നാണ്. ഇതിന് മുമ്പ് പല വേദികളിലും പോയത് ഒരു സിനിമാ സംവിധായകന്‍ എന്ന നിലയിലാണ്. ഞാന്‍ പി രാജീവിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പോയിട്ടുണ്ട്. അവിടെ പോയിട്ട് ഞാന്‍ മാര്‍ക്‌സിസം എന്താണെന്നും ലെനിനിസം എന്താണെന്നും അല്ല പറഞ്ഞത്. ഞാന്‍ എനിക്കറിയുന്ന ആ വ്യക്തിയെക്കുറിച്ചാണ് പറഞ്ഞത്.
‘1988കളിലാണ് ഞാന്‍ ആദ്യമായി കശ്മീരില്‍ യുദ്ധത്തിനായി പോയത്. അന്ന് ജമ്മുവിലെ ഹോം മിനിസ്റ്റര്‍ ആയിരുന്നത് മുഫ്തി മുഹമ്മദ് സെയ്ദി ആയിരുന്നു. അദ്ദേഹത്തിന്റെ മകള്‍ റുബയ സെയ്ദിയെ തീവ്രവാദികള്‍ തട്ടികൊണ്ട് പോയിരുന്നു. ഹോം മിനിസ്റ്ററുടെ മകളെ രക്ഷിക്കാനാണ് ഞങ്ങള്‍ പോയത്. കശ്മീരിലെത്തിയതിന് ശേഷം മൂന്നാം ദിവസം ഇവര്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ കണ്ടെത്തിയിരുന്നു’.
‘പക്ഷെ, അന്നൊക്കെ ഒരു പ്രവണതയുണ്ടായിരുന്നു ഇവരെയൊക്കെ കണ്ടെത്തിയാലും ഇവര്‍ക്കെതിരെ ആക്രമണം നടത്താനുള്ള അനുവാദം ഡല്‍ഹിയില്‍ ഇരിക്കുന്നവരോട് ചോദിക്കണമായിരുന്നു. മരണത്തെ പോലും മുന്നില്‍ കണ്ടാണ് ഇവര്‍ക്കെതിരെ പോരാടാന്‍ പോകട്ടെയെന്ന് ചോദിക്കുന്നത്. രാജ്യത്തെ വിലപേശുന്ന തീവ്രവാദികളെ വധിക്കാന്‍, രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍, പോകട്ടെയെന്ന് ചോദിക്കേണ്ട ഗതികേടായിരുന്നു.
‘ഡല്‍ഹിയില്‍ നിന്നും വന്ന ഓര്‍ഡര്‍ വേണ്ടെന്നാണ്. കാരണം, മുഫ്തി മുഹമ്മദ് സെയ്ദിയുടെ മകളെയാണ് ഭീകരര്‍ തട്ടികൊണ്ട് പോയത്. രാജ്യത്തിന്റെ അഭിമാനത്തേക്കാള്‍ വലുത് മകളാണ്. നിങ്ങള്‍ ആരും വെടിവെയ്ക്കാന്‍ പോകരുത്. അവര്‍ ഡിമാന്‍ഡ് ചെയ്യുന്നത് എന്താണെങ്കിലും കൊടുത്തേക്കാം. ഇങ്ങനെ വിട്ടുവീഴ്ച ചെയ്യുന്ന നിരവധി ഭരണാധികാരികള്‍ അന്ന് ഉണ്ടായിരുന്നു. പക്ഷെ, ഇന്ന് അങ്ങനെ അല്ല. ഇന്ന് നമുക്കൊരു പ്രധാനമന്ത്രിയുണ്ട്, നരേന്ദ്ര ദാമോദര്‍ദാസ് മോദി.’- മേജര്‍ രവി പറഞ്ഞു.
Post Your Comments