KeralaLatest NewsIndia

കേരളത്തിലെ റെയ്‌ഡ്‌ തുടരുന്നു, ഇന്ന് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിഹാബ് ഇന്ത്യ ഫൗണ്ടേഷന് പണം നൽകിയതു സംബന്ധിച്ചാണ് ഇ.ഡി.യുടെ പരിശോധന.

എരമംഗലം : പെരുമ്പടപ്പ് നാക്കോലയിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്‌ഡ്‌. പോപ്പുലർ ഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷൻ പ്രസിഡൻറ് റസാഖ് കുറ്റിക്കാടന്റെ നാക്കോലയിലെ വീട്ടിലാണ് കോഴിക്കോട്ടുനിന്നെത്തിയ ഇ.ഡി. ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം റെയ്‌ഡ്‌ നടത്തിയത്. ബുധനാഴ്‌ച രാവിലെ 9.30-ന് തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് 12.30 വരെ നീണ്ടു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിഹാബ് ഇന്ത്യ ഫൗണ്ടേഷന് പണം നൽകിയതു സംബന്ധിച്ചാണ് ഇ.ഡി.യുടെ പരിശോധന.

റസാഖിന്റെ വീട്ടിൽ റെയ്‌ഡ്‌ നടക്കുന്നതിനിടെ വിവിധയിടങ്ങളിൽനിന്നെത്തിയ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവർത്തകർ വീടിനുപുറത്ത് ഇ.ഡി.ക്കെതിരേ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ഇതിനിടയിൽ ഇ.ഡി.യുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിൽനിന്ന് ഭക്ഷണമടങ്ങിയ ബാഗ് മതിലിൽക്കൂടി കൈമാറിയതിനെത്തുടർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും വാക്കേറ്റമുണ്ടായി. റെയ്‌ഡ്‌ കഴിഞ്ഞു പുറത്തിറങ്ങിയ ഉദ്യോഗസ്ഥരെ പുറത്തുവിടില്ലെന്ന നിലപാടായിരുന്നു പ്രതിഷേധക്കാർക്ക്.

ഇതോടെ വീട്ടുടമ റസാഖ് ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കൾ പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചു. ആദ്യം അവർ വഴങ്ങിയില്ലെങ്കിലും പിന്നീട് സ്വരം കടുപ്പിച്ചതോടെ ശാന്തരാവുകയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥരുടെ വാഹനത്തിനുചുറ്റും മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ വളഞ്ഞു.പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് വാഹനം കടത്തിവിട്ടത്. ഇ.ഡി. ഉദ്യോഗസ്ഥർ പോയതിനുശേഷം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നാക്കോലയിൽനിന്ന് പ്രതിഷേധപ്രകടനവുമായി പെരുമ്പടപ്പ് സെന്ററിലേക്കു നീങ്ങി. ഇവിടെവെച്ചു പൊതുയോഗത്തോടെ പ്രതിഷേധം അവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button