KeralaLatest NewsIndia

ഭാര്യാപിതാവില്‍ നിന്നും 108 കോടി തട്ടിയെടുത്തു: പ്രതിയുടെ വീട്ടിലെ ഇഡി റെയ്ഡിൽ എംഎല്‍എയുടെ സ്റ്റിക്കര്‍ പതിപ്പിച്ച കാർ

കാസർഗോഡ്: കൊച്ചിയിലെ പ്രവാസി വ്യവസായിയായ ഭാര്യാ പിതാവില്‍ നിന്ന് 108 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ പ്രതിയായ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹാഫിസ് മുഹമ്മദിന്റെ വീട്ടില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്‌ട്രേറ്റ് (ED) റെയ്‌ഡ്‌ .
കാസർഗോട്ടെ വീട്ടില്‍ ഉള്‍പ്പെടെ പ്രതിയുമായി ബന്ധമുള്ള ഒമ്പത് കേന്ദ്രങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്.

പരിശോധനയില്‍ 12.5 ലക്ഷം രൂപയും 1600 ഗ്രാം സ്വർണവും പിടിച്ചെടുത്തതായാണ് വിവരം. ഹാഫിസിൻ്റെ 4.4 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഇ ഡി മരവിപ്പിച്ചിട്ടുണ്ടെന്നും കർണാടകയിലെ എംഎല്‍എയുടെ സ്റ്റികർ പതിപ്പിച്ച കാറും ഹാഫിസിൻ്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തുവെന്നുമുള്ള വിവരവും പുറത്ത് വരുന്നുണ്ട്. കൊച്ചിയിലെയും ഗോവയിലെയും ഇ ഡി ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയതെന്നാണ് സൂചന.

ദുബൈയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം നടത്തുന്ന ആലുവ സ്വദേശി അബ്ദുല്‍ ലാഹിറില്‍ നിന്നാണ് കോടികള്‍ തട്ടിയെടുത്തതെന്നാണ് പരാതി. പൊലീസ് പറയുന്നത് ഇങ്ങനെയാണ്: ‘തന്റെ കമ്പനിയില്‍ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടന്നു എന്നും പിഴയടക്കാൻ 3.9 കോടി രൂപ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പിന്റെ തുടക്കം. രാജ്യാന്തര ഫുട്‌വെയർ ബ്രാൻഡിന്റെ ഷോറൂം തുടങ്ങാനും കിഡ്‌സ്‌വെയർ ശൃംഖലയില്‍ പണം നിക്ഷേപിക്കാനുമെന്ന പേരിലും കോടികള്‍ തട്ടിയെടുത്തു.

ബെംഗ്ളുരു ബ്രിഗേഡ് റോഡില്‍ കെട്ടിടം വാങ്ങാൻ പണം വാങ്ങിയെങ്കിലും വ്യാജരേഖകളാണ് ഭാര്യാപിതാവിന് നല്‍കിയത്. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരില്‍ 35 ലക്ഷം രൂപയോളം ചിലവാക്കി വസ്ത്രം ഡിസൈൻ ചെയ്യിച്ച്‌ ബോടിക് ഉടമയായ ഭാര്യാമാതാവിനെയും യുവാവ് കബളിപ്പിച്ചിരുന്നതായി പറയുന്നുണ്ട്. വിവാഹത്തിന് നല്‍കിയ ആയിരത്തോളം പവൻ സ്വർണവും വജ്രവുമടങ്ങുന്ന ആഭരണങ്ങള്‍ വിറ്റും പണം കൈക്കലാക്കിയിരുന്നുവെന്നും ഭാര്യാപിതാവ് പരാതിപ്പെട്ടിരുന്നു. അക്ഷയാണ് വ്യാജരേഖകള്‍ പലതും ഹാഫിസിന് നിർമിച്ചു കൊടുത്തിരുന്നത്’.

അതേസമയം എൻഫോഴ്‌സ്‌മെന്റ് ഓഫീസറുടെ ഉള്‍പ്പെടെ വ്യാജ ലെറ്റർപാഡ് സംബന്ധിച്ച്‌ അക്ഷയിന്റെ കുറ്റസമ്മത ഓഡിയോ ക്ലിപുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. ആന്റി ടെററിസ്റ്റ് സ്ക്വാഡിന് ഇ-മെയില്‍വഴി ലഭിച്ച പരാതിയിലും ഹാഫിസ് കുദ്രോളിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. തട്ടിപ്പ് പരാതിക്ക് പിന്നാലെ ഹാഫിസ് കുദ്രോളിയുടെ ഭാര്യ ഹാജറ വിവാഹ മോചനത്തിനായി ആലുവ കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പില്‍ ഹാജറ നല്‍കിയ പരാതിയിലും പ്രത്യേകമായി അന്വേഷണം നടന്നിരുന്നു.

കേന്ദ്ര ഐബിയും ലാഹിറില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്. 108 കോടി രൂപ എന്തിന് ഹാഫിസ് വിനിയോഗിച്ചു എന്നതാണ് കേന്ദ്ര ഏജൻയായ ഇ ഡി ഇപ്പോള്‍ അന്വേഷിക്കുന്നത്. ഈ കേസ് ആദ്യം അന്വേഷിച്ചിരുന്ന ആലുവ ഡിവൈ എസ് പി ഉള്‍പെടെയുള്ളവർ കേസ് അട്ടിമറിക്കുന്നെന്ന പരാതിയെത്തുടർന്നാണ് അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയത്. എസ് പി സോജന്റെയും ഡിവൈ എസ് പി റെക്‌സ് ബോബിയുടെയും നേതൃത്വത്തിലാണ് സാമ്പത്തികതട്ടിപ്പ് കേസില്‍ ഹാഫിസിനെയും കൂട്ടുപ്രതികളെയും അറസ്റ്റുചെയ്തത്.

രാഷ്‌ട്രീയ നേതാക്കളും സിനിമ താരങ്ങളും ഉള്‍പെടെയുള്ള വൻ സൗഹൃദ വൃന്ദത്തിന്റെ ഉടമയാണ് ഹാഫിസ് കുദ്രോളിയെന്നാണ് അന്വേഷണ സംഘം പറഞ്ഞിരുന്നത്. എൻഐഎയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഹാഫിസ് കുദ്രോളി, ഇയാളുടെ പിതാവ് അഹ്‌മദ്‌ ശാഫി, മാതാവ് ആഇശ, ഇയാള്‍ക്ക് വ്യാജസർട്ടിഫിക്കറ്റുകള്‍ നിർമിച്ചുനല്‍കിയെന്ന് ആരോപണമുള്ള വാഴക്കാലയില്‍ മീഡിയ ഏജൻസി നടത്തിയിരുന്ന അക്ഷയ് തോമസ് വൈദ്യൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

നാലുപേരെയും കോടതിയില്‍ ഹാജരാക്കി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. ഒന്നും രണ്ടും പ്രതികളുടെ പാസ്‌പോർട്ട് പിടിച്ചെടുത്തിരുന്നു. അസ്‌ലം ഗുരുക്കള്‍ എന്നയാള്‍ കേസില്‍ അഞ്ചാം പ്രതിയായിരുന്നു. ഗോവ-കർണാടക ചുമതലയുള്ള ഇൻകംടാക്സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റർ ഹെഡ് നിർമിച്ച്‌ പണം തട്ടിയെന്ന കേസില്‍ ഹാഫിസ് കുദ്രോളിയെ ഗോവ പൊലീസ് ആണ് ബെംഗ്ളൂരുവില്‍ വച്ച്‌ ആദ്യം അറസ്റ്റ് ചെയ്തത്. ഈ കേസിന്റെ അന്വേഷണം പുരോഗമിക്കവെയാണ് കേരളത്തിലും അറസ്റ്റ് രേഖപ്പെടുത്തിയത്.

അക്ഷയ് തോമസിന്റെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്ത ലാപ്‌ടോപില്‍നിന്ന് നിർണായക തെളിവുകള്‍ കിട്ടിയിരുന്നതായാണ് വിവരം പുറത്ത് വന്നിരുന്നത്. പണം ഇരട്ടിപ്പിനായി നിക്ഷേപിച്ച തുകയെല്ലാം നഷ്ടമായതായാണ് ഹാഫിസ് പറഞ്ഞിരുന്നതെന്നാണ് അന്വേഷണ വൃത്തങ്ങള്‍ പറയുന്നത്. സുഹൃത്തുക്കളില്‍ നിന്നടക്കം യുവാവ് പണം കടം വാങ്ങിയത് തിരിച്ചുനല്‍കാൻ വേണ്ടിയാണ് ഭാര്യാപിതാവ് അബ്ദുല്‍ ലാഹിറില്‍നിന്ന് പലപ്പോഴായി കോടികള്‍ തട്ടിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. അബ്ദുല്‍ ലാഹിറിന്റെ എൻആർഐ അകൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. ഹാഫിസ് ഉന്നത ഇൻകം ടാക്സ് ഓഫീസറുടെ പേരില്‍ വ്യാജ സീലും ഒപ്പുമിട്ട് വാട്സ് ആപ് വഴി നല്‍കിയ ലെറ്റർ ഹെഡ് ഉള്‍പെടെയുള്ള രേഖകള്‍ കിട്ടിയതായി ഗോവ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

വാർത്തയ്ക്ക് കടപ്പാട്- കെ വാർത്ത

shortlink

Related Articles

Post Your Comments

Related Articles


Back to top button