തൃശ്ശൂർ: സഹോദരിയുടെ വിവാഹം നടത്തുന്നതിനായി ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടർന്നുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് കൈത്താങ്ങായി ബിജെപി. വിപിന്റെ സഹോദരിയുടെ വിവാഹം ബിജെപി ഏറ്റെടുക്കും. പെൺകുട്ടികളുടെ വിവാഹ സഹായത്തിനായി പ്രവർത്തിക്കുന്ന സമർപ്പണ എന്ന സംഘടനവഴി ബിജെപി വിപിന്റെ സഹോദരിയ്‌ക്ക് സഹായം നൽകുമെന്ന് ബിജെപി നേതാക്കളായ അഡ്വ. ബി ഗോപാലകൃഷ്ണൻ, എ നാഗേഷ് എന്നിവർ വ്യക്തമാക്കി.
വിപിന്റെ വീട് സന്ദർശിച്ചതിന് ശേഷമായിരുന്നു ബിജെപി നേതാക്കൾ സഹോദരിയുടെ വിവാഹം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയത്. ഇതുപോലെയുള്ള സന്ദർഭങ്ങളിൽ മാനസിക സംഘർഷം അനുഭവപ്പെട്ടാൽ ദയവ് ചെയ്ത് ആത്മഹത്യ ചെയ്യരുതെന്നും വിവാഹം നടത്താനായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർ സമർപ്പണയുമായി ബന്ധപ്പെടണമെന്നും ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
‘വിപിന്റെ വീട്ടുകാർക്ക് താത്പര്യമുണ്ടെങ്കിൽ സഹോദരിയുടെ വിവാഹം ബിജെപി ഏറ്റെടുക്കും. വിവാഹത്തിന്റെ എല്ലാ ചിലവുകളും ബിജെപി നേതാക്കൾ വഹിക്കും. സമൂഹത്തോട് ഒരു കാര്യമാണ് അഭ്യർത്ഥിക്കാനുള്ളത്. ഇതുപോലെയുള്ള സന്ദർഭങ്ങളിൽ മാനസിക സംഘർഷം അനുഭവപ്പെട്ടാൽ ദയവ് ചെയ്ത് ആത്മഹത്യ ചെയ്യരുത്. പകരം സമർപ്പണയുടെ ഭാരവാഹികളുമായി ബന്ധപ്പെടണം. തീർച്ചയായും തങ്ങൾ അതിനൊരു പരിഹാരം കാണും.’ അദ്ദേഹം വ്യക്തമാക്കി.
സഹോദരിയുടെ വിവാഹം നടത്തുന്നതിനുള്ള പണം ഇല്ലാത്തതിന്റെ മനോവിഷമത്തിലാണ് കുണ്ടുവാറ സ്വദേശി വിപിൻ ആത്മഹത്യ ചെയ്തത്. വിവാഹത്തിന് ആഭരണം വാങ്ങുന്നതിനും, മറ്റ് ചിലവുകൾക്കുമായി ബാങ്ക് വായ്പയെയായിരുന്നു വിപിനും കുടുംബവും ആശ്രയിക്കുകയായിരുന്നു. എന്നാൽ മൂന്ന് സെന്റ് ഭൂമി മാത്രമുള്ളതിനാൽ വായ്പ നൽകാൻ ആകില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാട്. ഇതറിഞ്ഞ ശേഷമായിരുന്നു വിപിന്റെ ആത്മഹത്യ.
Post Your Comments