KeralaLatest NewsNews

മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു കാര്യവും മുഖ്യമന്ത്രി സംസാരിക്കുന്നില്ലെന്നും വി.ഡി സതീശൻ പറഞ്ഞു

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയും സർക്കാരും ആരെയോ ഭയപ്പെടുന്ന പോലെയാണ് പെരുമാറുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. മേൽനോട്ട സമിതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി ഒരാഴ്ചയായി മുല്ലപ്പെരിയാറിൽ നിന്നും രാത്രികാലങ്ങളിൽ വെള്ളം ഒഴുകി വിട്ടു. പെരിയാർ തീരത്തെ ജനങ്ങൾ അങ്ങേയറ്റം ദയനീയമായ അവസ്ഥയിലാണ്. സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ഇതേക്കുറിച്ച് ഒന്നു പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ലെന്നും വി.ഡി സതീശൻ വിമർശിച്ചു.

‘മന്ത്രി റോഷി അഗസ്റ്റിന്റെ ഇന്നത്തെ പ്രസ്താവന കണ്ടപ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ നിന്ന് പോയി. തമിഴ്നാട് വെള്ളം തുറന്നു വിടുന്നത് വേദനാജനകമാണെന്നാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന. ഇവിടൊരു മേൽനോട്ടസമിതിയുണ്ട്. 2014-ലെ സുപ്രീംകോടതി വിധിയിലൂടെ രൂപീകരിച്ച സമിതിയാണത്. കേരളത്തിൻ്റെ ഏറ്റവും വലിയ ആവശ്യമായിരുന്നു അത്. സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാനും കേരളത്തിൻ്റേയും തമിഴ്നാടിൻ്റേയും പ്രതിനിധികളും ആ സമിതിയിലുണ്ട്. ആ സമിതിയിലുണ്ടായ പ്രധാന ധാരണകളിലൊന്ന് തമിഴ്നാട് ഷട്ടർ തുറന്ന് വെള്ളമൊഴുക്കി വിടും മുൻപ് കേരളത്തെ അറിയിക്കുമെന്നാണ്. രാത്രികാലങ്ങളിൽ വെള്ളം ഒഴുക്കി വിടില്ലെന്നും ധാരണയിലുണ്ട്. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട് രാത്രികാലങ്ങളിൽ മാത്രം വെള്ളം ഒഴുക്കിവിടുകയാണ്. ആദ്യം തുറന്നു വിട്ടപ്പോൾ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയാണ് നമ്മുടെ മുഖ്യമന്ത്രി ചെയ്തത്. ആ കത്ത് ചെന്നൈയിൽ കിട്ടിയോ ഇല്ലയോ എന്നറിയില്ല. കഴിഞ്ഞ ദിവസം ഞാൻ അവിടെ പോയതാണ്. ഡീൻ കുര്യാക്കോസിൻ്റെ ഉപവാസ സമരത്തിൽ പങ്കെടുക്കാൻ. അതീവദയനീയമാണ് അവിടുത്തെ സ്ഥിതി. രാത്രിയിൽ ഡാം തുറന്നാൽ വെളുപ്പിന് രണ്ടര- മൂന്ന് മണിക്ക് പെരിയാർ തീരത്തുള്ളവരുടെ വീടുകളിൽ വെള്ളം കേറുകയാണ്. തുടർച്ചയായി ഇത് ആവർത്തിക്കുകയാണ്’-വി.ഡി സതീശൻ പറഞ്ഞു.

Read Also  :  മ​ദ്യ​പാ​നി​യെന്നാരോപിച്ച് കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ മ​ർ​ദിച്ചു:വിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കരൾ രോ​ഗി മരിച്ചു

എന്തുകൊണ്ടാണ് സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്തതെന്നും വി.ഡി സതീശൻ ചോദിച്ചു. ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു കാര്യവും മുഖ്യമന്ത്രി സംസാരിക്കുന്നില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. മിണ്ടാതിരുന്നാൽ ഈ പ്രശ്നത്തിൽ നിന്നും ഒളിച്ചോടാൻ സാധിക്കുമോ.പാവപ്പെട്ട ജനങ്ങൾ വീട്ടിൽ വെള്ളം കയറി ദുരിതം അനുഭവിക്കുന്ന ഈ സമയത്തെങ്കിലും മുഖ്യമന്ത്രി മറുപടി പറയണമെന്നും വി.ഡി സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button