അബുദാബി: പുതിയ 50 ദിർഹത്തിന്റെ നോട്ട് പുറത്തിറക്കി യുഎഇ. 50-ാമത് യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിവിധ എമിറേറ്റുകളുടെ ഭരണാധികാരികൾ, കിരീടാവകാശികൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് പുതിയ 50 ദിർഹത്തിന്റെ നോട്ട് സർക്കാർ പുറത്തിറക്കിയത്.
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും എമിറേറ്റ്സിലെ ഒന്നാം തലമുറ ഭരണാധികാരികൾക്കുമുള്ള ആദരസൂചകമായാണ് യുഎഇ സർക്കാർ പുതിയ നോട്ട് പുറത്തിറക്കിയത്. ശൈഖ് സായിദിന്റെ ചിത്രം നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്. യൂണിയൻ ആയ ശേഷം വിവിധ എമിറേറ്റ്‌സിലെ ഭരണാധികാരികൾ ദേശീയ പതാകയ്ക്ക് കീഴെ നിൽക്കുന്ന ചിത്രവും നോട്ടിൽ പതിച്ചിട്ടുണ്ട്. രക്തസാക്ഷി സ്മാരകമായ വാഹത് അൽ കറാമയുടെ ചിത്രവും എത്തിഹാദ് മ്യൂസിയത്തിന്റെ ചിത്രവും നോട്ടിലുണ്ട്.
പോളിമർ ഉപയോഗിച്ചാണ് പുതിയ നോട്ട് നിർമ്മിച്ചിരിക്കുന്നത്. പുതിയ നോട്ടുകൾ ഉടൻ എടിഎമ്മിൽ ലഭിക്കും. കാഴ്ച വൈകല്യമുള്ളവർക്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കുന്നതിനായി സെൻട്രൽ ബാങ്ക് ബ്രെയിൽ ലിപിയിലും ചിഹ്നങ്ങൾ ചേർത്തിട്ടുണ്ട്. കള്ളപ്പണത്തെ ചെറുക്കുന്നതിനുള്ള വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നതും ഈ നോട്ടിന്റെ സവിശേഷതയാണ്.
Read Also: താമരശ്ശേരി ദേശീയപാതയിൽ അപകടം : നിയന്ത്രണം തെറ്റിയ കാറ് പാലത്തിന് മുകളില്‍ നിന്നും തോട്ടിലേക്ക് വീണു
Post Your Comments