ദുബായ്: യുഎഇയിൽ പ്രഖ്യാപിച്ച പുതിയ വാരാന്ത്യ അവധി സ്‌കൂളുകൾക്കും ബാധകമാക്കാനൊരുങ്ങി ദുബായ്. വാരാന്ത്യ അവധിയിൽ പുതുതായി പ്രഖ്യാപിച്ച മാറ്റങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ ദുബായിയിലെ സ്വകാര്യ സ്‌കൂൾ മേഖലകളും തീരുമാനിച്ചു. ദുബായിയിലെ വിദ്യാഭ്യാസ റെഗുലേറ്റർ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
പുതുക്കിയ പ്രവൃത്തി ആഴ്ച 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. പ്രഖ്യാപനം അനുസരിച്ച്, സർക്കാർ ജീവനക്കാർക്ക് എല്ലാ ആഴ്ചയും രണ്ടര ദിവസം അവധി ലഭിക്കും.
യുഎഇയിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഇന്നാണ് യുഎഇ പ്രഖ്യാപിച്ചത്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ വൈകിട്ടു 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയുമായിരിക്കും ഇനി യുഎഇയിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത്. 2022 ജനുവരി 1 മുതൽ പുതിയ സമയക്രമത്തിലായിരിക്കും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത്. വെള്ളിയാഴ്ച ഉച്ച മുതൽ ശനി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും വാരാന്ത്യ അവധി.
Post Your Comments