Latest NewsNewsAutomobile

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഫാസ്റ്റ് ചാര്‍ജറുകള്‍ വികസിപ്പിക്കാനൊരുങ്ങി കേന്ദ്രം

ദില്ലി: ഓട്ടോമോട്ടീവ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ബോഡി ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എആര്‍എഐ) ഇ-വാഹനങ്ങള്‍ക്കായി ഫാസ്റ്റ് ചാര്‍ജറുകള്‍ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ. പൂനെ ആസ്ഥാനമായുള്ള സ്വയംഭരണ സ്ഥാപനം ഇതിനകം തന്നെ ഉല്‍പ്പന്നത്തിന്റെ ഒരു പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ഘനവ്യവസായ മന്ത്രാലയം പൂനെയില്‍ സംഘടിപ്പിച്ച ‘ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള റൗണ്ട് ടേബിള്‍’ പരിപാടിയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കിയതായി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇ-വാഹന ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുന്നതായും ഇത് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗം ഉണ്ടാക്കാന്‍ എആര്‍എഐയോട് നിര്‍ദ്ദേശിച്ചതായും മന്ത്രി പറഞ്ഞു. അവര്‍ ഒരു ഫാസ്റ്റ് ചാര്‍ജറിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചിട്ടുണ്ടെന്നും 2022 ഡിസംബറോടെ ഉല്‍പ്പന്നം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇ-വാഹനങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

രാജ്യത്തുടനീളമുള്ള 22,000 പെട്രോള്‍ പമ്പുകളില്‍ ചാര്‍ജറുകള്‍ സ്ഥാപിക്കുന്നതിനായി ഘനവ്യവസായ മന്ത്രാലയം പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവുമായി ചര്‍ച്ച നടത്തി വരികയാണെന്നും പാണ്ഡെ പറഞ്ഞു. രാജ്യത്തുടനീളം 70,000 പെട്രോള്‍ പമ്പുകളുണ്ടെന്നും പദ്ധതി പ്രകാരം ഹൈവേകളില്‍ 25 കിലോമീറ്റര്‍ ഇടവിട്ട് നഗരങ്ങളില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ചാര്‍ജിംഗ് സ്‌റ്റേഷന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Read Also:- ബിഎംഡബ്ല്യു മോട്ടോറാഡ് ഇലക്ട്രിക് സ്‍കൂട്ടറിന്റെ നിർമ്മാണം ആരംഭിച്ചു

2022 ഒക്ടോബറില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ എആര്‍എഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഡിസംബറോടെ ഇത് ഉപയോക്താക്കള്‍ക്ക് ഉപയോഗത്തിനായി ലഭ്യമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. ഫാസ്റ്റ് ചാര്‍ജറുകള്‍ പുറത്തിറക്കുന്നത് ബാറ്ററി വാഹനങ്ങളുടെ ചാര്‍ജ്ജിംഗ് പ്രശ്‌നം പരിഹരിക്കുകയും ബാറ്ററി വാഹനങ്ങളുടെ ആവശ്യം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും ഇതിനുള്ള ഗവേഷണം ഇപ്പോഴും നടക്കുന്നുണ്ടെന്നും അത് പൂര്‍ത്തിയായതിന് ശേഷം ഇരുചക്ര വാഹനങ്ങളുടെയും ത്രീ വീലറിന്റെയും പ്രത്യേക ചാര്‍ജിംഗ് സമയം സംബന്ധിച്ചും പഠിക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button