ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ പാകിസ്താനി യുവാക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആള്‍ക്കൂട്ടക്കൊലപാതകത്തിനിരയായ പ്രിയന്ത കുമാരയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശരീരത്തിലെ എല്ലാ എല്ലുകളും പൊട്ടിയിരുന്നു. കൂടാതെ ഇയാളുടെ ശരീരത്തിന്റെ 99 ശതമാനം ഭാഗവും പൊള്ളലേറ്റിരുന്നു.
Read Also : ജയിലിനകത്ത് കൂടുതല്‍ ഉപദ്രവിച്ചത് ആര്‍എസ്എസുകാരും സിപിഎമ്മുകാരുമായ ഉദ്യോഗസ്ഥർ: അലനും താഹയും
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം തലയോട്ടിയ്ക്കും താടി എല്ലിനുമേറ്റ ഗുരുതരമായ ഒടിവാണ് മരണകാരണം. കൂടാതെ, ആക്രമണത്തെത്തുടര്‍ന്ന്, പ്രിയന്ത കുമാരയുടെ കരള്‍, ആമാശയം, വൃക്കകളിലൊന്ന് എന്നിവയും തകരാറിലായിരുന്നു. ഒരു കാല് ഒഴികെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും സാരമായ മുറിവേറ്റിട്ടുണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
പ്രിയന്ത കുമാരയുടെ മൃതദേഹം ലാഹോറിലേക്ക് അയച്ച് ശ്രീലങ്കന്‍ കോണ്‍സുലേറ്റിന് കൈമാറും. തുടര്‍ന്ന്, എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പ്രത്യേക വിമാനത്തില്‍ ശ്രീലങ്കയിലേക്ക് അയക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
ശ്രീലങ്കന്‍ വസ്ത്രഫാക്ടറി ജനറല്‍ മാനേജര്‍ പ്രിയന്ത കുമാര ദിയാവാദനയെ തീവ്ര മതവാദികളായ തെഹ്രീകെ ലബ്ബായിക് പാകിസ്താന് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി നടുറോഡിലാണ് കത്തിച്ചത്. ആള്‍ക്കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 100 ലധികം പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. മതനിന്ദ ആരോപിച്ചാണ് ശ്രീലങ്കന്‍ പൗരന് നേരെ മതമൗലികവാദികള്‍ ആക്രമണം നടത്തിയത്. ആയിരക്കണക്കിന് ആളുകള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്.
Post Your Comments