രാജസ്ഥാൻ: മുംബയിലുള്ള ഫേസ്ബുക്ക് കാമുകിയെ കാണാൻകാൽനടയായി അതിർത്തി കടക്കാൻ ശ്രമിച്ച് പാകിസ്ഥാനിലെ ബഹാവൽപൂർ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിൽ. കാമുകിയെ കാണാനെത്തിയ മുഹമ്മദ് ആമിറെന്ന യുവാവ് സൈന്യത്തോട് തന്റെ ഉദ്യേശം വെളിപ്പെടുത്തുകയായിരുന്നു. യുവാവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ;
മുംബയ്ക്കാരിയായ യുവതിയെ ഫേസ്ബുക്കിലൂടെയാണ് ആമിർ പരിചയപ്പെട്ടത്. പരിചയം വൈകാതെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പരസ്പരം നമ്പറുകൾ കൈമാറിയ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആശയവിനിമയം തുടർന്നു. പ്രണയം തലക്കുപിടിച്ചതോടെ ഇരുവരും വിവാഹിതരാകാനുള്ള തീരുമാനമെടുത്തു. ഇതോടെ നേരിൽ കാണാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് യുവതിയെ നേരിൽ കാണാൻ മുംബൈയിലെത്തുമെന്ന് ആമിർ ഉറപ്പുനൽകി. ഇതിനായി ഇന്ത്യൻ വിസയ്ക്ക് വേണ്ടി അപേക്ഷിച്ചെങ്കിലും ഇന്ത്യൻ അധികൃതർ അപേക്ഷ തള്ളി. തുടർന്ന് മറ്റ് മാർഗങ്ങളെക്കുറിച്ചായി ചിന്ത. ഒടുവിൽ, കാൽനടയായി അതിർത്തി കടക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
ഇതിനായി സ്വന്തം ഗ്രാമത്തിൽനിന്ന് 1200 കി.മീറ്റർ അകലെയുള്ള മുംബയ് നഗരം ലക്ഷ്യമാക്കി വീട്ടിൽനിന്ന് പുറപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ അതിർത്തിജില്ലയായ ശ്രീഗംഗനഗറിലെത്തുന്നത്. എന്നാൽ, അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ അതിർത്തിസേനയുടെ പിടിയിലായി.
ശനിയാഴ്ച രാത്രി അനൂപ്ഗഢിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് യുവാവ് സൈന്യത്തിന്റെ ശ്രദ്ധയിൽപെടുന്നത്. അതിർത്തിയിൽനിന്ന് ആയിരത്തിലേറെ കിലോ മീറ്റർ ദൂരത്തുള്ള മുംബൈവരെയും നടക്കാൻ തന്നെയായിരുന്നു പദ്ധതിയെന്നാണ് യുവാവ് പോലീസിനോട് വ്യക്തമാക്കി. ഈ സമയത്ത് ഒരു മൊബൈൽ ഫോണും കുറച്ച് നോട്ടുകളും മാത്രമായിരുന്നു ഇയാളുടെ കൈയിലുണ്ടായിരുന്നതെന്നും യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ശ്രീഗംഗനഗർ ജില്ലാ പൊലീസ് സുപ്രണ്ട് ആനന്ദ് ശർമ പറഞ്ഞു.
മുംബയിലുള്ള യുവതിയെ പോലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. യുവാവിന്റെ വാക്കുകൾ സത്യമാണെന്ന് തെളിയുകയും സംശയാസ്പദമായ ഒന്നും കണ്ടെത്തുകയും ചെയ്തില്ലെങ്കില്‍ യുവാവിനെ പാകിസ്ഥാൻ സേനയ്ക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments