ന്യൂഡല്‍ഹി : കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഭൂരിഭാഗവും പേര്‍ ജോലി ചെയ്തിരുന്നത് വര്‍ക്ക് ഫ്രം ഹോം ആയിട്ടാണ് . ഇപ്പോഴും വര്‍ക്ക് ഫ്രം ഹോമിനാണ് പല കമ്പനികളും മുന്‍ഗണന നല്‍കുന്നത്. ഇതിന് നിയമസാധുത ലഭിക്കുന്ന ചട്ടം കൊണ്ടുവരാനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പോര്‍ച്ചുഗല്‍ മാതൃകയില്‍ ചട്ടം രൂപീകരിക്കാനാണ് നീക്കം. സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതതല വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓഫീസ് ജോലികള്‍ വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഓഫീസുകളിലേയ്‌ക്കോ കമ്പനികളിലേയ്‌ക്കോ പോകാതെ വീട്ടിലിരുന്ന് അതേ സ്പിരിറ്റോടെ ജോലി ചെയ്യാന്‍ സാധിക്കുമെന്ന് ഇതോടെ വ്യക്തമാകുകയും ചെയ്തു. രോഗവ്യാപനം ശമിച്ചെങ്കിലും പല കമ്പനികളിലും വര്‍ക്ക് ഫ്രം ഹോം തുടരുകയാണ്. ഓരോ ദിവസവും കൊറോണയുടെ പുതിയ തരംഗങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ വര്‍ഷങ്ങളോളം കൊറോണയ്ക്കൊപ്പം ജീവിക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ഇതിന് നിയമസാധുത നല്‍കുന്നതിന് ചട്ടം രൂപീകരിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
തൊഴില്‍ സമയം നിശ്ചയിച്ചും, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവയ്ക്ക് പ്രത്യേക തുക അനുവദിച്ചും ചട്ടം രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോമിന് എങ്ങനെ ചട്ടം രൂപീകരിക്കാം എന്നതിനെ കുറിച്ച് വിദഗ്ധ ചര്‍ച്ചകള്‍ നടത്തിവരികയാണ്. കമ്പനികളില്‍ സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം നടപ്പാക്കുന്നതിന്റെ സാധ്യത തേടാന്‍ കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തൊഴില്‍ സമയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജീവനക്കാരുമായി സംസാരിച്ച് ധാരണയിലെത്താനാണ് കേന്ദ്ര നിര്‍ദ്ദേശം.
Post Your Comments