ശ്രീനഗര്‍: എപ്പോള്‍ മരിക്കുമെന്ന് ആര്‍ക്കും അറിയാത്തതുപോലെ രാഷ്ട്രീയത്തില്‍ ഇനിയെന്ത് സംഭവിക്കുമെന്നും ആര്‍ക്കും പറയാൻ കഴിയില്ലെന്ന് ഗുലാം നബി ആസാദ്. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും ലക്ഷക്കണക്കിന് പിന്തുണക്കാര്‍ക്ക് വേണ്ടി തുടരാന്‍ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
‘ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുകളഞ്ഞതിന് ശേഷം നിലച്ച രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാനാണ് റാലികള്‍ ഉദ്ദേശിക്കുന്നത്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തെപ്പോലെ ഇന്ന് വിമര്‍ശനത്തിന് സ്ഥാനമില്ല’, ആസാദ് പറഞ്ഞു.
‘ആരും നേതൃത്വത്തെ വെല്ലുവിളിക്കുന്നില്ല. ഒരുപക്ഷെ, ഇന്ദിരാഗാന്ധിയും രാജീവ് ജിയും കാര്യങ്ങള്‍ തെറ്റായി പോകുമ്പോള്‍ ചോദ്യം ചെയ്യാനുള്ള അമിത സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടാകാം. അവര്‍ ഒരിക്കലും വിമര്‍ശനത്തെ കാര്യമാക്കിയില്ല. അവര്‍ അതിനെ അപകീര്‍ത്തികരമായി കാണില്ല. ഇന്ന് നേതൃത്വം അതിനെ അപമാനകരമായി കാണുന്നു’, ഗുലാം നബി ആസാദ് പറഞ്ഞു.
‘രാജീവ് ജി രാഷ്ട്രീയത്തില്‍ വന്നപ്പോള്‍, ഇന്ദിരാഗാന്ധി ഞങ്ങളെ രണ്ടുപേരെയും വിളിച്ച് രാജീവ് ജിയോട് പറഞ്ഞു, ഗുലാം നബിക്ക് എന്നെ വേണ്ടെന്ന് പോലും പറയാന്‍ കഴിയും, എന്നാല്‍ അനുസരണക്കേട് അല്ലെങ്കില്‍ അനാദരവ് എന്നല്ല അര്‍ത്ഥമാക്കുന്നത്, അത് പാര്‍ട്ടിയുടെ നന്മക്കാണ്. ഇന്ന് ആരും ഇല്ല. ആരും കേള്‍ക്കാന്‍ തയ്യാറല്ല’, കൂട്ടിച്ചേർത്തു.
Post Your Comments