തിരുവനന്തപുരം : റോഡുകളിലെ കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് കരാറുകാരനെതിരെ കേസ് എടുക്കണമെന്ന് നടൻ ജയസൂര്യ. പല ഭാഗങ്ങളിലും വളരെ മോശം റോഡുകളാണ് ഉള്ളത്. റോഡ് നികുതി അടയ്ക്കുന്ന ജനങ്ങൾക്ക് നല്ല റോഡ് വേണമെന്നും ജയസൂര്യ പറഞ്ഞു. പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടന വേളയിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു ജയസൂര്യയുടെ വിമർശനം.
‘ടൂറിസ്റ്റ് കേന്ദ്രമായവാഗമണിൽ ഉൾപ്പെടെ പല ഭാഗത്തും റോഡുകൾ മോശം അവസ്ഥയിലാണ്. മഴയാണ് റോഡ് അറ്റകുറ്റപണിയുടെ തടസമെന്ന വാദം ജനങ്ങൾ അറിയേണ്ട കാര്യമില്ല. മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ല. റോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം. എന്ത് ചെയ്തിട്ടാണ് നല്ല റോഡുകൾ ഉണ്ടാക്കുന്നതെന്ന് അവർക്ക് അറിയേണ്ട കാര്യമില്ല. മോശം റോഡുകളിൽ വീണ് മരിക്കുന്നവർക്ക് ആര് സമാധാനം പറയും. ഇത്തരത്തിൽ അപകടം ഉണ്ടാകുമ്പോൾ കരാറുകാരനെതിരെ കേസ് എടുക്കണം’- ജയസൂര്യ പറഞ്ഞു.
ടോൾ കാലാവധിയുടെ കാര്യത്തിലും വ്യക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.കാലാവധി കഴിഞ്ഞാൽ ടോൾ ഗേറ്റുകൾ പൊളിച്ച് കളയുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments