ലക്നൗ: ലോകം വീണ്ടും അതീവ ജാഗ്രതയിലാണ്. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് ഭരണകൂടങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. രാജ്യത്ത് മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കർശനമാക്കുകയാണ് സർക്കാർ. കാൺപൂരിൽ കഴിഞ്ഞ ദിവസം നടന്ന കൂട്ടകൊലപാതകങ്ങൾക്ക് കാരണം ഒമിക്രോൺ ഭീതിയാണെന്ന് പോലീസിന്റെ വെളിപ്പെടുത്തൽ.
വെള്ളിയാഴ്ച കാൺപൂർ ആശുപത്രിയിലെ ഫോറൻസിക് വിദഗ്ധനായ സുഷീൽ കുമാറിന്റെ ഭാര്യയും രണ്ടുമക്കളും കൊല്ലപ്പെട്ടിരുന്നു. ഒമിക്രോൺ എല്ലാവരെയും കൊലപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി തന്റെ രണ്ട് മക്കളെയും ഭാര്യയെയും ഡോക്ടർ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ഡോക്ടർക്കായി പോലീസ് അന്വേഷണം ശക്തമാക്കി.
കൊലപാതകം നടന്ന വീട്ടിൽ നടത്തിയ തിരച്ചിലിൽ ഡോക്ടറുടേത് എന്ന് കരുതുന്ന ഡയറി പോലീസിന് ലഭിച്ചിരുന്നു. ഇതിൽ ‘ഒമിക്രോൺ എല്ലാവരെയും കൊല്ലും, ഇനി രക്ഷപ്പെടാൻ കഴിയാത്ത ഒരു അവസ്ഥയിലാണ് ഇപ്പോൾ ഞാൻ നിൽക്കുന്നത്, എന്റെ അശ്രദ്ധമൂലമാണ് അത് സംഭവിച്ചത്’ എന്ന് ഡോക്ടർ കുറിച്ചിരുന്നു. ഏറെ നാളുകളായി ഇദ്ദേഹം വിഷാദരോഗം അനുഭവിക്കുകയാണെന്നാണ് വിലയിരുത്തൽ.
Post Your Comments