Latest NewsIndia

പ്രക്ഷോഭത്തിനിടെ ‘മരിച്ച കര്‍ഷകരുടെ’ വിവരങ്ങളുമായി രാഹുല്‍ : പുറത്തു വിട്ടത് വിവിധ സംസ്ഥാനങ്ങളിലെ മരണ പട്ടിക

എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും സമരഭൂമിയിൽ ഇത്രയും ആളുകൾ മരിച്ചിട്ടില്ലെന്നും ബിജെപി വൃത്തങ്ങൾ ആരോപിച്ചു.

ന്യൂഡല്‍ഹി: കര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളം പറയുകയാണെന്ന പുതിയ ആരോപണവുമായി രാഹുൽ ഗാന്ധി. ഇത്തവണ രാഹുലിന്റെ കൈയ്യിൽ മരണപ്പെട്ട ‘കർഷകരുടെ’ പട്ടികയും ഉണ്ടായിരുന്നു. അതിൽ വിവിധ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ പട്ടിക ആണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമരഭൂമിയില്‍ ജീവന്‍ നഷ്ടമായ കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രം തയ്യാറല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

മരണപ്പെട്ട 400ലേറെ കര്‍ഷകരുടെ വിവരങ്ങളും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. സമരഭൂമിയില്‍ ജീവന്‍ വെടിഞ്ഞതിന് പഞ്ചാബ് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയ കര്‍ഷകരുടെ വിവരങ്ങളാണ് രാഹുല്‍ പുറത്തുവിട്ടത്. ഇതോടൊപ്പം മറ്റുസംസ്ഥാനങ്ങളില്‍ മരണപ്പെട്ട 200ലേറെ കര്‍ഷകരുടെ കണക്കും പുറത്തു വിട്ടു. പഞ്ചാബിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ അമരീന്ദർ സിങിന്റെ രാജിക്ക് ശേഷം പുതിയ മുഖ്യമന്ത്രിയായിരുന്നു കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ചത്. ഇത് സമരഭൂമിയിൽ മരിച്ച കർഷകർ എന്ന പേരിലാണ് പ്രഖ്യാപിച്ചത്.

ഈ ലിസ്റ്റ് ആണ് രാഹുൽ ഗാന്ധി പുറത്തു വിട്ടതും. എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും സമരഭൂമിയിൽ ഇത്രയും ആളുകൾ മരിച്ചിട്ടില്ലെന്നും ബിജെപി വൃത്തങ്ങൾ ആരോപിച്ചു. ഈ വിവരങ്ങളെല്ലാം പൊതുമധ്യത്തില്‍ ലഭ്യമാണെന്നും തിങ്കളാഴ്ച ലോക്‌സഭയില്‍ ഈ വിവരങ്ങള്‍ മേശപ്പുറത്തുവയ്ക്കുമെന്നും രാഹുല്‍ പറഞ്ഞു. മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ തങ്ങളുടെ കൈവശമില്ലെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ വിവരങ്ങള്‍ ലഭ്യമായിട്ടും അവ കേന്ദ്രം സ്വീകരിച്ചിട്ടില്ല എന്നതാണ് സത്യം.

കാര്‍ഷിക നിയമം കൊണ്ടുവന്നതിലെ തെറ്റ് ഏറ്റുപറഞ്ഞ് പ്രധാനമന്ത്രി തന്നെ നേരത്തെ പരസ്യമായി ജനങ്ങളോട്‌ മാപ്പുപറഞ്ഞതാണ്. മരണപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ പിന്നെ എന്താണ് പ്രശ്‌നമെന്നും രാഹുല്‍ ചോദിച്ചു. പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നടപടികള്‍ ഭീരുത്വമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button