തിരുവനന്തപുരം ; സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി കേരളത്തിന് ഗുണകരമാകില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയല്ല, ഹൈസ്പീഡ് റെയില്‍ പദ്ധതിയാണ് കേരളത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി പ്രായോഗികമല്ലെന്ന് കാട്ടി ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ മുഖ്യമന്ത്രിക്കു കത്തയച്ചു.
സില്‍വര്‍ ലൈന്‍ സംബന്ധിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയിലെ പൊരുത്തക്കേടുകളും അദ്ദേഹം കത്തിലൂടെ തുറന്ന് പറയുന്നുണ്ട് . സെമി ഹൈസ്പീഡ് റെയില്‍വേയുടെ ചെലവ് 63,341 കോടി രൂപയാണെന്നും അതു കണ്ടെത്തേണ്ടതുണ്ടെന്നും സഭയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു . എന്നാല്‍ എങ്ങനെയാണ് ഈ തുക എസ്റ്റിമേറ്റഡ് തുകയായി കണക്കാക്കാകുന്നത് എന്നും , എങ്ങനെയാണ് ഇത്രയും വലിയ പദ്ധതിക്കായുള്ള തുക ഈ ഘട്ടത്തില്‍ കണ്ടെത്തുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
‘സില്‍വര്‍ ലൈന്‍ പദ്ധതി ഉദ്യോഗസ്ഥര്‍ പറയുന്നതു പോലെ അഞ്ചുവര്‍ഷം കൊണ്ടു തീരുന്ന പദ്ധതിയല്ല. ഇത്തരം വലിയ പദ്ധതി പൂര്‍ത്തിയാക്കുന്നതു വരെയുള്ള ചെലവിന്റെ അടിസ്ഥാനത്തില്‍ വേണം പദ്ധതിച്ചെലവിനെ വിലയിരുത്താന്‍. ചുരുങ്ങിയത് പത്തോ പന്ത്രണ്ടോ വര്‍ഷം വേണ്ടിവരും ഈ പദ്ധതി പൂര്‍ത്തിയാകാന്‍. അഞ്ചുവര്‍ഷം എന്നൊക്കെ പറയുന്നത് ഉദ്യോഗസ്ഥരുടെ വെറും സ്വപ്നം മാത്രമാണ്. ഈ വര്‍ഷത്തിനിടെ പദ്ധതിയുടെ എസ്റ്റിമേറ്റിനേക്കാള്‍ 65 മുതല്‍ 75 ശതമാനം വരെ തുക ഉയരും. ഇതൊന്നും ശരിക്കും പഠനം നടത്താതെ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നതായാണു തോന്നുന്നത് .
ഈ പദ്ധതിയില്‍ ചില അനുബന്ധപ്രവൃത്തികളുടെ ചെലവും പരാമര്‍ശിച്ചിട്ടില്ല.ചതുപ്പുകളില്‍ നിര്‍മാണം നടത്തുമ്പോള്‍ കാര്യമായ ബലപ്പെടുത്തല്‍ അത്യാവശ്യമാണ്. അതിന്റെ ചെലവ് സാധാരണയിടങ്ങളിലേക്കാള്‍ കൂടുതലാവും. അതുസംബന്ധിച്ചും വ്യക്തതയില്ല.
2025ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണു കേരള സര്‍ക്കാര്‍ പറയുന്നത്. ഇതു പ്രാവര്‍ത്തികമല്ല . ഇത്തരം പദ്ധതികള്‍ പത്തോ പന്ത്രണ്ടോ വര്‍ഷം കൊണ്ടേ തീരൂ. പ്രത്യേകിച്ച് കേരളത്തിലെ സാഹചര്യത്തില്‍. കേന്ദ്ര അനുമതി ലഭിക്കാന്‍ ഇനിയും ഏകദേശം രണ്ടുവര്‍ഷമെങ്കിലും വേണ്ടിവരും . ഫലപ്രദമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാതെ സ്വന്തം നിലയില്‍ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോയാല്‍ വായ്പ പോലും ലഭിക്കാന്‍ സാധ്യത കുറവാണെന്ന കാര്യം മറക്കരുത്’, ഇ ശ്രീധരന്‍ കത്തില്‍ പറയുന്നു .
Post Your Comments